സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്‌ട്രീയം വിടേണ്ടിവരും; കെടി ജലീൽ

By Desk Reporter, Malabar News
KT-Jaleel against PK-Kunhalikutty
Ajwa Travels

മലപ്പുറം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) വിവാദത്തിൽ പികെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെടി ജലീൽ. തങ്ങള്‍ കുടുബത്തെ വരുതിയിലാക്കാമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വിചാരമെങ്കില്‍ ആ വിചാരം തെറ്റാണെന്ന് ജലീല്‍ പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകന്‍ മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ നടപടി തുടരാനാണ് ഭാവമെങ്കില്‍ വലിയ വില കൊടുക്കേണ്ടി വരും. ഇഡിയുമായി ബന്ധപ്പെട്ട കുഞ്ഞാലിക്കുട്ടിയുടെ ശബ്‌ദരേഖ പുറത്തുവിടേണ്ടി വരും. അതോടെ കുഞ്ഞാലിക്കുട്ടിക്ക് രാഷ്‌ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്നും ജലീല്‍ മുന്നറിയിപ്പ് നല്‍കി.

സത്യം വിളിച്ചുപറഞ്ഞ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങള്‍ക്കെതിരെ ചോറ്റുപട്ടാളത്തെ ഉപയോഗിച്ച് ലീഗ് നേതൃയോഗത്തില്‍ നടപടിയെടുപ്പിക്കാം എന്നാണ് ഭാവമെങ്കില്‍ അതിന് കുഞ്ഞാലിക്കുട്ടി വലിയ വില കൊടുക്കേണ്ടി വരും. ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ അംഗങ്ങളോട് കുഞ്ഞാലിക്കുട്ടി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അതിന്റെയൊക്കെ ശബ്‌ദരേഖകള്‍ അറ്റകൈക്ക് പുറത്തുവിടേണ്ടി വരും. ആ നിലയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. സൂക്ഷിച്ചു കൈകാര്യം ചെയ്‌താൽ അദ്ദേഹത്തിന് നല്ലത്; ജലീല്‍ പറഞ്ഞു.

പാണക്കാട് തങ്ങളെ വളരെ മോശമായ ഭാഷയിലാണ് ഒരു തെരുവുഗുണ്ട വിശേഷിപ്പിച്ചത്. ഏതൊരാളും കേട്ടലറയ്‌ക്കുന്ന പദപ്രയോഗങ്ങള്‍ നടത്തിയെന്ന് മാത്രമല്ല സത്യവിരുദ്ധമായ പ്രസ്‌താവനകളും അദ്ദേഹത്തെ കൊണ്ട് പറയിപ്പിച്ചു. ഇങ്ങനെയൊക്കെ പാണക്കാട് കുടുംബത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കുഞ്ഞാലിക്കുട്ടി വിചാരിക്കുന്നുണ്ടെങ്കില്‍ ആ വിചാരം തെറ്റാണ്. 2006ല്‍ സംഭവിച്ചതല്ല സംഭവിക്കുക, അതിന്റെ അപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും ജലീൽ മുന്നറിയിപ്പ് നൽകുന്നു.

ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടത് കുഞ്ഞാലിക്കുട്ടിയാണ് എന്നായിരുന്നു മുഈന്‍ അലി കഴിഞ്ഞദിവസം ആരോപിച്ചത്. കേന്ദ്ര ഏജൻസിയുടെ ചോദ്യം ചെയ്യൽ പാണക്കാട് കുടുംബത്തിൽ എത്താൻ കാരണം കുഞ്ഞാലിക്കുട്ടിയാണ്. ഇതിന്റെ മനോവിഷമം കാരണമാണ് ഹൈദരലി തങ്ങൾ രോഗിയായി മാറിയത്.

കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി ലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണ്. ചന്ദ്രികയുടെ ഫിനാന്‍സ് ഓഫിസറായി അബ്‌ദുൾ സമീറിനെ നിയമിച്ചതും കു‍ഞ്ഞാലിക്കുട്ടിയാണ്. സ്വാഭാവികമായും ചന്ദ്രിക നേരിടുന്ന പ്രതിസന്ധിക്ക് മറുപടി പറയേണ്ടതും കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനാകേണ്ടതും കുഞ്ഞാലിക്കുട്ടിയാണെന്നും മുഈൻ അലി പറഞ്ഞിരുന്നു.

ചന്ദ്രികക്കായി ഭൂമി വാങ്ങിയതിലുള്‍പ്പടെ ക്രമക്കേട് നടന്നിട്ടുണ്ട്. വാങ്ങിയ ഭൂമി കണ്ടൽക്കാടാണെന്നും മുഈൻ അലി വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ ഇന്ന് പാണക്കാട്ട് മുസ്‌ലിം ലീഗ് നേതൃയോഗം ചേരുകയാണ്. യോഗത്തിൽ മുഈൻ അലിക്കെതിരെ നടപടി ഉണ്ടാവാനുള്ള സാധ്യത ഉണ്ടെന്ന മാദ്ധ്യമ വാർത്തകൾ പുറത്തു വരുന്നതിനിടെയാണ് കെടി ജലീലിന്റെ പ്രതികരണം ഉണ്ടായിരിക്കുന്നത്.

Most Read:  നാടാർ സംവരണം; ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE