കോഴിക്കോട്: കുറ്റ്യാടി പുതിയ ബസ് സ്‌റ്റാൻഡിന് സമീപം അഞ്ച് കടകളിൽ ഉണ്ടായ തീപിടുത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് വിലയിരുത്തൽ. ശനിയാഴ്‌ച രാത്രി ഏഴോടെയായിരുന്നു സംഭവം. നാദാപുരം റോഡിൽ ഫാൻസി സാധനങ്ങൾ, വസ്‌ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽപന നടത്തുന്ന ‘ചന്ദനമഴ’, ‘ലൈവ് ഫൂട്ട്‌വെയർ’, സോപ്പ് കട, ‘സ്‌നേഹ കൂൾബാർ’, ‘ഹൈ ഫാഷൻ’ തുടങ്ങിയ കടകളിലാണ് തീപിടുത്തം ഉണ്ടായത്. നാലുകടകൾ പൂർണമായും കത്തിനശിച്ചു.
വേളം സ്വദേശിയായ വികെ സിദ്ദീഖിന്റെ ഉടമസ്‌ഥതയിലുള്ള ചന്ദനമഴ കടയിലാണ് ആദ്യം തീ കണ്ടത്. വൈകിട്ട് 6.45ഓടെ കടയടച്ചതിന് പിന്നാലെയാണ് തീപിടുത്തം. പിന്നീട് തൊട്ടടുത്തുള്ള മണ്ണൂർ സ്വദേശി വികെ കബീറിന്റെ ലൈവ് ഫൂട്ട്‌വെയറിലേക്ക് തീ ആളിപ്പടരുകയായിരുന്നു. കടയുടെ ഗോഡൗൺ പൂർണമായും കത്തിനശിച്ചു.
തുടർന്ന് കുറ്റ്യാടി സ്വദേശി അൻവറിന്റെ ഉടമസ്‌ഥതയിലുള്ള ‘സ്‌നേഹ കൂൾബാറി’ലേക്കും മുകളിലുള്ള ‘ഹൈ ഫാഷൻ’ തുണിക്കടയിലേക്കും തീ ആളിപ്പടർന്നു. ചേലക്കാടുനിന്ന് രണ്ടു യൂണിറ്റും വടകര, പേരാമ്പ്ര എന്നിവിടങ്ങളിൽ നിന്ന് ഒരോ യൂണിറ്റും ഫയർഫോഴ്‌സ് എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.
രക്ഷാ പ്രവർത്തനത്തിനിടെ റോഡ് അടച്ചതിനാൽ ടൗണിൽ പൂർണമായും ഗതാഗതം സ്‌തംഭിച്ചു. പിന്നീട് തീ അണച്ചതിന് ശേഷമാണ് ഗതാഗതം പുനഃസ്‌ഥാപിക്കാനായത്. വിവരമറിഞ്ഞ് കെപി കുഞ്ഞമ്മദ് കുട്ടി എംഎൽഎയും സ്‌ഥലത്തെത്തി രക്ഷാപ്രർത്തനത്തിന് നേതൃത്വം നൽകി.
തീപിടുത്തം ആദ്യമുണ്ടായ സിദ്ദീഖിന്റെ കടയിലെ സാധന സാമഗ്രികൾക്കു പുറമെ കടയിൽ സൂക്ഷിച്ച പണം, പാസ്‌പോർട് ഉൾപ്പടെയുള്ള വിലപിടിപ്പുള്ള രേഖകളും കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Most Read: ബാലചന്ദ്രകുമാറിനെ പ്രതിയാക്കി പീഡന പരാതി; പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു