കണ്ണൂർ: ദിലീപിനെതിരെ വിവിധ ആരോപണങ്ങളുമായി രംഗത്ത് വന്ന സംവിധായകൻ ബാലചന്ദ്രകുമാറിനെ പ്രതിചേർത്ത് കണ്ണൂര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ പൊലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
ദിലീപിന്റെ മുൻസുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാർ സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് കൊച്ചിയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് 40 കാരിയുടെ പരാതി. ജോലി തേടി കൊച്ചിയിലെത്തിയ തന്നെ ബാലചന്ദ്രകുമാര്‍ സ്‌നേഹം നടിച്ച്, ഒരു ഗാനരചയിതാവിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്നാണ് പരാതി.
ഫെബ്രുവരി 5ന് രാവിലെയാണ് കൊച്ചി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്. പരാതിയുടെ നിജസ്‌ഥിതി ഉറപ്പുവരുത്തിയ കമ്മീഷണർ എളമക്കര പൊലീസിനോട് കേസ് രജിസ്‌റ്റർ ചെയ്യാൻ നിർദ്ദേശിച്ചു. തുടർന്ന് എളമക്കര പൊലീസ് കേസ് രജിസ്‌റ്റർ ചെയ്യുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് എളമക്കര സിഐ പറഞ്ഞു. ഇരയാക്കപ്പെട്ട യുവതിയുടെ മൊഴി രേഖപ്പെടുത്തും. ബാലചന്ദ്രകുമാറിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ചാണ് പരാതിക്ക് കാരണമായ പീഡനം നടന്നതെന്ന് പരാതിക്കാരി പറയുന്നു. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്‌ദാനം ചെയ്‌താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.
ദൃശ്യങ്ങള്‍ പുറത്തുവരുമെന്ന ഭയം മൂലമാണ് താന്‍ ഇതുവരെ സംഭവം പുറത്തു പറയാത്തതെന്നും യുവതി പറയുന്നു. പീഡന ശേഷം ഇയാൾ കടന്നുകളഞ്ഞതായും മൊബൈൽ നമ്പർ മാറ്റിയതായും സ്‌ത്രീ ആരോപിക്കുന്നുണ്ട്. പിന്നീട്, ഇയാളെ കാണുന്നത് ദിലീപിന് എതിരെയുള്ള ആരോപണങ്ങളുമായി ചാനലിൽ വന്നപ്പോഴാണ് എന്നും യുവതി പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കെതിരെ ദിലീപ് നടത്തിയതെന്ന് പറയപ്പെടുന്ന വധഗൂഢാലോചന കേസിലൂടെ പ്രസിദ്ധിനേടിയ വ്യക്‌തിയാണ് ബാലചന്ദ്രകുമാർ. ഇയാൾ ദിലീപിനൊപ്പം സുഹൃത്തായിരുന്ന കാലത്ത് റെക്കോർഡ് ചെയ്‌ത ദിലീപിന്റെ ശബ്‌ദ ശകലങ്ങൾ പുറത്തുവിട്ടാണ് വാർത്താ മാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റിയത്.
ആസിഫ് അലി നായകനായി എത്തിയ ‘കൗ ബോയ്‘ ആണ് ബാലചന്ദ്രകുമാർ സംവിധാനം ചെയ്‌ത ആദ്യ ചിത്രം. രണ്ടു ദിവസം തിയേറ്ററിൽ ഓടിയ ഈ ചിത്രത്തിന് ശേഷം 2013ൽ ക്രിക്കറ്റ് താരം ശ്രീശാന്തിനെ നായകനാക്കി ‘ബിഗ് പിക്ച്ചര്‍‘ എന്ന ചിത്രം സംവിധാനം ചെയ്‌തിരുന്നു. ഈ ചിത്രം പുറത്തിറങ്ങിയിട്ടില്ല.
അതേസമയം, തനിക്കെതിരായ പീഡന പരാതിക്ക് ഗൂഢാലോചന ആണെന്നും പിന്നിൽ ദിലീപാണെന്നും ബാലചന്ദ്രകുമാർ ആരോപിക്കുന്നുണ്ട്. പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തി തന്നെ നിശബ്‌ദനാക്കാൻ കഴിയില്ലെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. എന്നാൽ, ഓണ്‍ലൈന്‍ മാദ്ധ്യമം വഴി കഴിഞ്ഞ ദിവസം ബാലചന്ദ്രകുമാറിനെതിരെ രംഗത്തു വന്ന യുവതി നിയമ നടപടിയുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്ന് വ്യക്‌തമാക്കി.
Most Read: ‘സമയം’ കളയേണ്ട, ഈ ബാങ്കിൽ നിക്ഷേപിക്കാം; ഭാവിയിൽ തിരിച്ചെടുക്കാനും വഴിയുണ്ട്