സംസ്‌ഥാനത്ത് ലാബ് നെറ്റ് വര്‍ക്ക് സംവിധാനം നടപ്പിലാക്കും

By News Bureau, Malabar News

തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് വര്‍ഷത്തിനകം ലാബ് നെറ്റ് വര്‍ക്ക്- ലാബുകളുടെ ശൃംഖല നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആധുനിക പരിശോധനാ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തെക്കാട് സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ യൂണിറ്റിന്റേയും ഡിഇഐസി സെന്‍സറി ഇന്റഗ്രേഷന്‍ റൂമിന്റേയും ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ലാബുകള്‍ക്ക് ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ നടപ്പിലാക്കും. പകര്‍ച്ച വ്യധികളെയും പകര്‍ച്ചേതര വ്യാധികളേയും ഫലപ്രദമായി തടയാനുള്ള സംവിധാനമാണിത്. 2025 ഓടെ വിവിധതരം രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള തീവ്ര യജ്‌ഞത്തിലാണ് ആരോഗ്യ വകുപ്പ്. ഈ സംവിധാനം എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ നടപ്പിലാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.

തൈക്കാട് ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്ക് സ്വതന്ത്ര യൂണിറ്റാക്കുന്നതാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളം നിന്നും തമിഴ്‌നാട്ടില്‍ നിന്നും തൈക്കാട് ആശുപത്രിയില്‍ ചികിൽസക്കായി എത്താറുണ്ട്. അതിനാലാണ് സര്‍ക്കാര്‍ ഈ ആശുപത്രിക്ക് വളരെ പ്രാധാന്യം നല്‍കുന്നത്. സമയബന്ധിതമായി ഇന്‍ഫെര്‍ട്ടിലിറ്റി ക്ളിനിക്ക് പൂര്‍ത്തിയാക്കും. 2 കോടിയോളം രൂപയോളം ചെലവഴിച്ച് ലക്ഷ്യ ലേബര്‍ റൂമിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.

സ്വകാര്യ ആശുപത്രികളില്‍പ്പോലുമില്ലാത്ത സംവിധാനങ്ങളാണ് തൈക്കാട് ആശുപത്രിയില്‍ ഉൽഘാടനം ചെയ്‌തതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യവും അമ്മയുടെ ആരോഗ്യവും പ്രധാനമാണ്. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വൈകല്യങ്ങള്‍ ജൻമനാതന്നെ കണ്ടുപിടിച്ച് ഫലപ്രദമായി ചികിൽസ ഉറപ്പാക്കുന്നതിനാണ് ഡിഇഐസികള്‍ സജ്‌ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ മികച്ച സേവനം നല്‍കുന്നതിന് സെന്‍സറി ഇന്റര്‍ഗ്രേഷന്‍ റുമും തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് നൂതന പീഡിയാട്രിക് ഐസിയുകള്‍ സജ്‌ജമാക്കിയിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ഥന പ്രകാരം കെഎസ്ആര്‍ടിസി ബസ് സ്‌റ്റാന്റുകളിലെ വെയിറ്റിംഗ് ഏരിയയില്‍ ഓപ്പണ്‍ ജിം ആരംഭിക്കുന്നതിനായി സ്‌ഥലം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ആശുപത്രിയില്‍ തന്നെ തൈറോയിഡ് പരിശോധിക്കുന്നതിന് 20 ലക്ഷം രൂപ ചെലവഴിച്ച് തൈക്കാട് ആശുപത്രിയില്‍ അത്യാധുനിക മെഷീന്‍ സജ്‌ജമാക്കുന്നതാണ്. 12 ഓളം ടെസ്‌റ്റുകള്‍ ഇതിലൂടെ ചെയ്യാന്‍ സാധിക്കും. ആരോഗ്യ വകുപ്പ് തൈക്കാട് ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. ആരോഗ്യ മന്ത്രി നേരിട്ടിടപെട്ട് തൈക്കാട് ആശുപത്രിയില്‍ മുടങ്ങിക്കിടന്ന പല പദ്ധതികളും നടപ്പിലാക്കുന്നതില്‍ സ്‌ഥലം എംഎല്‍എ എന്ന നിലയില്‍ ഏറെ സന്തോഷമുണ്ട്; ആന്റണി രാജു വ്യക്‌തമാക്കി.

Most Read: ഐഎംഎഫ് വായ്‌പ നേടാൻ ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE