കാസർഗോഡ്: ജില്ലയിൽ വൻ കഞ്ചാവ് വേട്ട. വ്യത്യസ്‌ത സംഭവങ്ങളിലായി 200 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. ആദൂർ, ചെട്ടുംകുഴി എന്നിവിടങ്ങളിൽ നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. വിദ്യാനഗർ സ്വദേശി സുബൈർ അബ്ബാസ്, ചെട്ടുംകുഴി സ്വദേശി അജ്‌മൽ എന്നിവരെയാണ് പിടികൂടിയത്.
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും പോലീസിന്റെയും സംയുക്‌ത സംഘമാണ് ആദൂരിൽ നിന്ന് കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ സുബൈർ അബ്ബാസിനെ സംഘം അറസ്‌റ്റ് ചെയ്‌തു. ഇയാളുടെ പക്കലിൽ നിന്ന് 128 കിലോ കഞ്ചാവാണ് ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തത്. കാറിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു അറസ്‌റ്റ്. ആന്ധ്രാപ്രദേശിൽ നിന്നുമാണ് സുബൈർ ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചതെന്ന് ഉദ്യോഗസ്‌ഥർ പറഞ്ഞു.
കാസർഗോഡ് എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്‌ടർ ജോയ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനക്കിടെയാണ് ചെട്ടുംകുഴിയിൽ നിന്ന് കഞ്ചാവ് പിടികൂടിയത്. 114 കിലോ കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ പ്രദേശവാസിയായ അജ്‌മൽ ആണ് അറസ്‌റ്റിലായത്.
Most Read: കണ്ണൂർ ജില്ലാ ട്രഷറിയിലെ സാമ്പത്തിക തട്ടിപ്പ്; സീനിയർ അക്കൗണ്ടന്റ് അറസ്‌റ്റിൽ