മാസ്‌കില്‍ നിന്ന് ശുദ്ധവായുവും; പുത്തന്‍ കണ്ടുപിടുത്തവുമായി എല്‍ജി

By Staff Reporter, Malabar News
technology image_malabar news
Representational Image
Ajwa Travels

സോള്‍: കൊറോണയുടെ വരവ് ലോകത്ത് നിരവധിയായ മാറ്റങ്ങള്‍ക്കാണ് വഴിവെച്ചത്. അതില്‍ പ്രധാനമാണ് ഫെയ്സ് മാസ്‌കുകള്‍ അഥവാ മുഖാവരണങ്ങള്‍. കോവിഡ് ലോകത്ത് പിടിമുറുക്കിയതോടെ മാസ്‌കുകളും നിര്‍ബന്ധമായി. നിലവിലെ കണക്കുകളും പഠനങ്ങളും നോക്കുമ്പോള്‍ അത്രവേഗത്തില്‍ ഈ മാസ്‌കില്‍ നിന്നും ഒരു മോചനം ഉണ്ടാവുമെന്നും തോന്നുന്നില്ല. ഇതോടെ മുഖാവരണങ്ങളില്‍ അനേകം പരീക്ഷണങ്ങളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മുഖാവരണങ്ങളില്‍ പുത്തന്‍ പരീക്ഷണവുമായി വര്‍ത്തകളില്‍ നിറയുകയാണ് ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ എല്‍ജി.

എയര്‍ പ്യൂരിഫൈയര്‍ മാസ്‌കുമായാണ് വിപണി കീഴടക്കാന്‍ എല്‍ജി എത്തിയിരിക്കുന്നത്. പ്യൂരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫൈയര്‍ എന്ന് പേരിട്ടിക്കുന്ന മാസ്‌കുകളിലൂടെ പേര്‍സണല്‍ പ്രൊട്ടക്റ്റീവ് ഉപകരണ വിഭാഗത്തിലേക്കും കടക്കുകയാണ് എല്‍ജി. അടുത്ത ആഴ്‌ച നടക്കുന്ന IFA ബെര്‍ലിന്‍ എക്‌സിബിഷനില്‍ എല്‍ജി പ്യൂരികെയര്‍ വെയറബിള്‍ എയര്‍ പ്യൂരിഫൈയര്‍ അവതരിപ്പിക്കുമെന്നും ഇവ എത്രയും പെട്ടെന്ന് തിരഞ്ഞെടുത്ത വിപണികളില്‍ വില്പനക്കെത്തുമെന്നും എല്‍ജി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

എല്‍ജിയുടെ ഹോം എയര്‍ പ്യൂരിഫൈയര്‍ ഉത്പന്നങ്ങള്‍ക്കുള്ളിലുള്ള അതേ ഫില്‍റ്ററുകളാണ് മാസ്‌കിലും ഉപയോഗിച്ചിരിക്കുന്നത്. ഫില്‍റ്റര്‍ ഊരിമാറ്റി പുതിയത് സ്ഥാപിക്കാം എന്നതാണ് ഇതിലെ പ്രത്യേകതയായി എല്‍ജി ചൂണ്ടിക്കാട്ടുന്നത്. കൂടാതെ ശ്വാസോഛാസം എളുപ്പമാക്കാന്‍ സഹായിക്കുന്ന രണ്ട് ഇന്‍-ബില്‍റ്റ് ഫാനുകളും മാസ്‌ക്കിലുണ്ട്. ഇതിനോടൊപ്പമുള്ള റെസ്പിറേറ്ററി സെന്‍സര്‍ ധരിക്കുന്ന വ്യക്തിയുടെ ശ്വാസോച്ഛാസത്തിന്റെ തോത് മനസ്സിലാക്കി ഫാനിന്റെ വേഗത നിയന്ത്രിക്കപ്പെടും.

കൂടാതെ മാസ്‌ക് ധരിക്കുമ്പോള്‍ മൂക്കിന്റെ അടുത്തായും താടിയുടെ വിടവിലൂടെയും വായു ചോര്‍ച്ച പരിമിതപ്പെടുത്തുന്നതിനായി എര്‍ഗോണോമിക് രീതിയിലാണ് മാസ്‌ക് ഡിസൈന്‍ ചെയ്തിരിക്കുന്നതെന്നും എല്‍ജി അവകാശപ്പെടുന്നു. കമ്പനിയിലെ നിരവധി തൊഴിലാളികളുടെ മുഖ ആകൃതി ഇതിനായി എല്‍ജി പഠന വിധേയമാക്കിയിരുന്നു.ഇതിലൂടെ എല്ലാവര്‍ക്കും വായുനഷ്ടം ഇല്ലാതെ ഉപയോഗിക്കാന്‍ സാധിക്കാവുന്ന രീതിയിലാണ് എയര്‍ പ്യൂരിഫൈയര്‍ മാസ്‌കിന്റെ നിര്‍മ്മാണം.

820mAh ബാറ്ററിയാണ് എല്‍ജി എയര്‍ പ്യൂരിഫൈയര്‍ മാസ്‌ക്കിലുള്ളത്. ലോ മോഡിലിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ 8 മണിക്കൂര്‍ വരെയും ഹൈ മോഡിലിട്ട് പ്രവര്‍ത്തിപ്പിച്ചാല്‍ രണ്ട് മണിക്കൂര്‍ വരെയും മാസ്‌ക് പ്രവര്‍ത്തിപ്പിക്കാമെന്ന് കമ്പനി പറയുന്നു. കൂടാതെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഒരു കെയ്സും ഇതിലുണ്ട്. അള്‍ട്രാവയലറ്റ് (യുവി) എല്‍ഇഡി ലൈറ്റുകള്‍ കൊണ്ടാണ് എല്‍ജി മുഖാവരണങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫില്‍റ്ററുകള്‍ മാറ്റിസ്ഥാപിക്കേണ്ട സമയമാവുമ്പോള്‍ എല്‍ജി തിന്‍ക്യു (ThinQ) എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ഉപയോക്താക്കള്‍ക്ക് അറിയിപ്പ് ലഭിക്കും.

കോവിഡ് -19 മുഖാവരണങ്ങള്‍ മനുഷ്യന്റെ നിത്യജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റിയപ്പോള്‍ അതില്‍ നൂതന കണ്ടുപിടിത്തങ്ങള്‍ക്കായി മല്‍സരിക്കുകയാണ് പല വമ്പന്മാരും. അടുത്തിടെ ജാപ്പനീസ് കമ്പനിയായ ഡോണറ്റ് റോബോട്ടിക്സ് ബ്ലൂടൂത്ത് വഴി സ്മാര്‍ട്ട്‌ഫോണുമായി ബന്ധിപ്പിക്കാവുന്ന സ്പീക്കറുള്ള മാസ്‌ക് അവതരിപ്പിച്ചിരുന്നു. ഇതിന് വളരെ വലിയ ജനശ്രദ്ധയാണ് ലഭിച്ചിരുന്നത്. ഇത്തരത്തില്‍ എയര്‍ പ്യൂരിഫൈയര്‍ മാസ്‌കും വിജയം നേടുമെന്നാണ് എല്‍ജിയുടെ പ്രതീക്ഷ.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE