തിരുവനന്തപുരം: ഗവർണറുമായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച അവസാനിച്ചു. ലോകായുക്‌ത നിയമഭേദഗതി കൊണ്ടുവരാനിടയായ സാഹചര്യം മുഖ്യമന്ത്രി ഗവർണറോട് വിശദീകരിച്ചു. നിലവിലെ നിയമത്തിൽ ഭരണഘടനാ വിരുദ്ധമായ വകുപ്പുണ്ടെന്ന് മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. അതുകൊണ്ടാണ് നിയമഭേദഗതി കൊണ്ടുവന്നതെന്നും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കണ്ണൂർ വിസി നിയമനവും ലോകായുക്‌ത കേസും ഇരുവരും ചർച്ച ചെയ്‌തു. സർവകലാശാലകളിൽ രാഷ്‌ട്രീയ ഇടപെടലിന് സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി ഗവർണറോട് പറഞ്ഞു. ഇന്ന് വൈകിട്ട് ആറ് മണിയോടെ രാജ്‌ഭവനിൽ എത്തിയാണ് മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. കൂടിക്കാഴ്‌ച ഒരു മണിക്കൂറോളം നീണ്ടു.
ലോകായുക്‌ത ഓർഡിനൻസിൽ ഗവർണർ ഒപ്പിടാത്ത സാഹചര്യത്തിലാണ് വിദേശത്ത് നിന്ന് എത്തിയതിന് പിന്നാലെ മുഖ്യമന്ത്രി ഗവർണറെ കണ്ടത്. മന്ത്രിസഭാ യോഗം അംഗീകരിച്ച ലോകായുക്‌ത നിയമഭേദഗതി ഗവർണറുടെ അംഗീകാരം ലഭിക്കാൻ അയച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി വിദേശ യാത്രയിലായതിനാൽ ഗവർണർ തീരുമാനം നീട്ടുകയായിരുന്നു.
Also Read: കോവിഡ് ഗൃഹപരിചരണം; സംശയങ്ങൾ വിദഗ്‌ധരോട് നേരിട്ട് ചോദിക്കാം