വിനോദ് ഗുരുവായൂർ സംവിധാനം ചെയ്യുന്ന ‘പ്രതി പ്രണയത്തിലാണ്‘ എന്ന പുതിയ ചിത്രത്തിൽ ‘കഥാപാത്രമാകാൻ‘ ഒരു പഴയകാല വണ്ടി ആവശ്യപ്പെട്ട്, സിനിമാ ചരിത്രത്തിലാദ്യമായി വേറിട്ട കാസ്‌റ്റിങ് കാൾ നടത്തിയത് വായനക്കാർ മറന്നുകാണില്ല.
പ്രസ്‌തുത കാസ്‌റ്റിങ് കാൾ കേരള സംസ്‌ഥാനം വിട്ട്, സൗത്ത് ഇന്ത്യൻ സിനിമാ മേഖലയും താണ്ടി ബോളിവുഡും കടന്നു മുന്നേറിയിരുന്നു. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷയിലും ‘വേറിട്ട കാസ്‌റ്റിങ് കാൾ‘ വാർത്തയായി. അപ്രതീക്ഷിതമായി ഇന്ത്യയാകമാനം കറങ്ങിയ ഈ ‘കാസ്‌റ്റിങ് കാൾ‘ വഴി ആയിരകണക്കിന് വാഹനപ്രേമികളാണ് അവരവരുടെ ‘വിന്റേജ്‘ വാഹനങ്ങളെ, ‘പ്രതി പ്രണയത്തിലാണ്‘ എന്ന ചിത്രത്തിൽ കഥാപാത്രമാക്കാൻ സംവിധായകൻ വിനോദിനെ പരിചയപ്പെടുത്തിയത്.
ഒന്നിലും വിനോദ് തന്റെ കഥാപാത്രത്തെ കണ്ടില്ല! ഇപ്പോഴിതാ തൃശൂരുള്ള ഒരു 1967 മോഡൽ അഥവാ 54 വയസ് പ്രായമുള്ള വോക്‌സ്‌വാഗൻ കോമ്പിയിൽ (Volkswagen Split Screen kombi) വിനോദ് തന്റെ കഥാപാത്രത്തെ കണ്ടെത്തിയിരിക്കുന്നു. ‘അതെ, ഇതാണ് ഞാൻ മനസിൽ കണ്ട വണ്ടി, എന്റെ മനസിലെ കഥയിൽ ഇവനാണ് ഏറ്റവും ആപ്റ്റ്‘ –വിനോദ് പറയുന്നു.
‘പക്ഷെ,ചിത്രീകരണം ആരംഭിക്കാൻ ഇനിയും കടമ്പകളുണ്ട്. പ്രധാനമായും ചിത്രീകരണ പെർമിഷനുകൾ പഴയതുപോലെ അത്രയെളുപ്പമല്ല. കോവിഡ് കാലമായതുകൊണ്ടുള്ള മെല്ലെപ്പോക്കാണ്. എങ്കിലും ഒക്‌ടോബറിൽ ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ‘ –വിനോദ് മലബാർ ന്യൂസിനോട് പറഞ്ഞു.

വണ്ടികിട്ടിയ കാര്യം തന്റെ ഫേസ്ബുക്കിലൂടെയാണ് വിനോദ് പങ്കുവെച്ചത്. “ഒരിക്കലും ഇത്രയും വൈറലാവും ഈ കാസ്‌റ്റിങ് കാൾ എന്ന് ചിന്തിച്ചിരുന്നില്ല. ഈ പോസ്‌റ്റ് പങ്കുവെക്കുമ്പോൾ കേരളത്തിലെ ഒരു വാഹനം അത് മാത്രമേ മനസിലുണ്ടായുള്ളു. പക്ഷ ആ പോസ്‌റ്റ് കേരളവും കടന്നു ഇന്ത്യയിലെ പല സംസ്‌ഥാനങ്ങളിൽ വൈറലായപ്പോൾ ആയിരക്കണക്കിന് അപേക്ഷകരാണ് ഇപ്പോഴും എത്തികൊണ്ടിരിക്കുന്നത്. ഒരു സിനിമക്ക് വേണ്ടി ഇങ്ങനെയൊരു പോസ്‌റ്റ് ആദ്യമായാണെന്ന് ഓർമപ്പെടുത്തിയുള്ള കുറെ കാൾ ഉണ്ടായിരുന്നു. ഇതു വരെ വന്നിരിക്കുന്ന വാഹനങ്ങളിൽ ഈയൊരു വാഹനമാണ് ഒന്നാമതായി നിൽക്കുന്നത്. ഇതിനു കുറച്ചു മിനുക്കു പണികൾ കൂടെ ഉണ്ട്. അതിനുള്ള തയ്യാറെടുപ്പിലാണ് ഉടമസ്‌ഥൻ. മോഡിഫൈഡ് വാഹനങ്ങളെ കുറിച്ചുള്ള ചർച്ചകൾ നടക്കുന്ന ഈ സമയത്ത് പഴയ വാഹനങ്ങൾ ഇപ്പോഴും അതെ കണ്ടീഷൻ നില നിർത്തി പരിപാലിക്കുന്ന എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്“ വിനോദ് തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
‘വണ്ടിയുടെ ഉടമ തൃശൂർകാരനാണ്. പേരുവെളിപ്പെടുത്താൻ അദ്ദേഹം തയ്യാറല്ല. കക്ഷി സ്വന്തം മക്കളെ പോലെ കരുതുന്ന വണ്ടിയാണ്. പരിപാലിക്കാൻ മാത്രം ലക്ഷങ്ങളാണ് വണ്ടിയിൽ മുടക്കിയിട്ടുള്ളത്. ഇപ്പോൾ ചെറിയ ചില റിപ്പയറുകൾക്ക് വേണ്ടി തൊടുപുഴയിലാണ് വണ്ടിയുള്ളത്. ഒന്ന് മുഖം മിനുക്കാനുണ്ട്‘ –വിനോദ് തുടർന്നു.
‘പ്രതി പ്രണയത്തിലാണ്‘ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും വിനോദ് ഗുരുവായൂർ തന്നെയാണ്. തിരക്കഥയിലും സംഭാഷണത്തിലും മുരളി ഗിന്നസും സഹകരിക്കുന്നുണ്ട്. വരത്തൻ ചെയ്‌ത വാഗമണ്ണിലെ വീടാണ് പോലീസ് സ്‌റ്റേഷനായി രൂപാന്തരം പ്രാപിക്കുന്നത്. വാഗമൺ പ്രദേശങ്ങൾ തന്നെയാണ് പ്രധാനമായും ചിത്രീകരണ സ്‌ഥലം.
Most Read: പിഴയടക്കാമെന്ന് ഇ ബുള്‍ജെറ്റ്; ജാമ്യാപേക്ഷ ആഗസ്‌റ്റ് 12ന് പരിഗണിക്കും