ബിച്ചു തിരുമല അന്തരിച്ചു; വിടവാങ്ങിയത് ജനപ്രിയ പാട്ടുകളുടെ അമരക്കാരൻ

By Web Desk, Malabar News
bichu-thirumala
ഗാനരചയിതാവ് ബിച്ചു തിരുമല

തിരുവനന്തപുരം: കാവ്യഭംഗി തുളുമ്പുന്ന മൂവായിരത്തില്‍ അധികം ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച പ്രശസ്‌ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു. 80 വയസായിരുന്നു. തിരുവനന്തപുരത്ത് ആയിരുന്നു അന്ത്യം. ശ്വാസ തടസത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

അരനൂറ്റാണ്ടോളം നീണ്ട എഴുത്തു ജീവിതത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും മികച്ചവയെന്ന് എണ്ണപ്പെടുന്ന ഗാനങ്ങൾ ചലച്ചിത്ര ആസ്വാദകർക്ക് നൽകി. നാനൂറിലേറെ സിനിമകളിലും കാസറ്റുകളിലുമായി അയ്യായിരത്തോളം പാട്ടുകൾ അദ്ദേഹം എഴുതി.

മികച്ച ഗാനരചയിതാവിനുള്ള സംസ്‌ഥാന ചലച്ചിത്ര അവാർഡ് രണ്ടുതവണ ലഭിച്ചിട്ടുണ്ട്. 1981ലും (തൃഷ്‌ണ- ‘ശ്രുതിയിൽനിന്നുയരും…’, തേനും വയമ്പും- ‘ഒറ്റക്കമ്പി നാദം മാത്രം മൂളും…’ ), 1991ലും (കടിഞ്ഞൂൽ കല്യാണം- ‘പുലരി വിരിയും മുമ്പേ…’, ‘മനസിൽ നിന്നു മനസിലേക്കൊരു മൗന സഞ്ചാരം…’).

സുകുമാർ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്‌കാരം, സ്വാതി- പി ഭാസ്‌കരൻ ഗാനസാഹിത്യ പുരസ്‌കാരം തുടങ്ങിയവയ്‌ക്കും അർഹനായി. ജല അതോറിട്ടി റിട്ട. ജീവനക്കാരി പ്രസന്നകുമാരിയാണ് ഭാര്യ. മകൻ സുമൻ ശങ്കർ ബിച്ചു (സംഗീത സംവിധായകൻ).

1942 ഫെബ്രുവരി 13ന് ചേർത്തല അയ്യനാട്ടുവീട്ടിൽ സിജി ഭാസ്‌കരൻ നായരുടെയും പാറുക്കുട്ടിയുടെയും മൂത്തമകനായാണ് ബിച്ചു തിരുമല എന്ന ബി ശിവശങ്കരൻ നായരുടെ ജനനം. 1972ൽ പുറത്തിറങ്ങിയ ‘ഭജ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് ബിച്ചു തിരുമല ചലച്ചിത്ര ഗാനരംഗത്തേക്ക് വരുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം ഗാനരചന നിർവ്വഹിച്ചു.

ശ്യാം, എടി ഉമ്മർ, രവീന്ദ്രൻ, ജി ദേവരാജൻ, ഇളയരാജ എന്നീ സംഗീത സംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലുമായി വളരെയധികം ഹിറ്റ് ഗാനങ്ങൾ അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ സംഗീത സംവിധായകനായ എആർ റഹ്‌മാൻ മലയാളത്തിൽ ഈണം നൽകിയ ഏക ചിത്രമായ ‘യോദ്ധ’യിലെ ഗാനങ്ങൾ എഴുതിയതും അദ്ദേഹമാണ്.

Must Read: യാത്രാവിലക്ക് നീക്കി; ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് ഇനി നേരിട്ട് വിമാനസർവീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE