ആലപ്പുഴ: മംഗലപുരം മുൻ ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരിയെ പുറത്താക്കി സിപിഐഎം. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം വാർത്താക്കുറിപ്പിൽ വ്യക്‌തമാക്കി. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടേതാണ് നടപടി.
പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക ക്രമക്കേട് ആരോപണം ഉന്നയിച്ച മധു മുല്ലശ്ശേരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വി ജോയ് പറഞ്ഞിരുന്നു. മധു മുല്ലശ്ശേരിക്കെതിരെ 70 പരാതികൾ ലഭിച്ചിട്ടുണ്ട്. പേരെടുത്ത് പാർട്ടി സഖാക്കൾ എഴുതിയ കത്തുകളാണ് ലഭിച്ചതെന്നും വി ജോയ് പറഞ്ഞു.
മധു മുല്ലശ്ശേരി ബിജെപിയിൽ ഇന്ന് അംഗത്വമെടുക്കവെയാണ് തിടുക്കപ്പെട്ട് പുറത്താക്കൽ നടപടിയുമായി സിപിഎം രംഗത്തെത്തിയത്. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്‌ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. ഇന്ന് രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലെത്തി ഔദ്യോഗിമായി ക്ഷണിക്കും. പിന്നാലെ അംഗത്വം സ്വീകരിക്കുമെന്നാണ് സൂചന.
ഏരിയാ സെക്രട്ടറി സ്‌ഥാനത്ത് നിന്ന് മാറ്റാനുള്ള തീരുമാനത്തെ തുടർന്ന് മംഗലപുരം ഏരിയാ സമ്മേളനത്തിൽ നിന്ന് മധു ഇറങ്ങിപ്പോയിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി വി ജോയിക്കെതിരെ ഗുരുതര ആരോപണവും മധു ഉന്നയിച്ചിരുന്നു. മുമ്പെങ്ങുമില്ലാത്ത വിഭാഗീയ പ്രവർത്തനങ്ങളാണ് ജോയി നടത്തിവരുന്നത്. ഏരിയാ കമ്മിറ്റിയെ തന്നെ പല തട്ടിലാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. ഇതേത്തുടർന്ന് ഏരിയാ കമ്മിറ്റി കൂടാൻ പറ്റാത്ത സാഹചര്യം പോലും ഉണ്ടായെന്നും മധു വെളിപ്പെടുത്തിയിരുന്നു.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും