മലപ്പുറം: കോവിഡ് കാലത്ത് മികച്ച സേവനങ്ങള്‍ നടത്തിയ പ്രതിഭകളെ മഅ്ദിൻ അക്കാദമി ആദരിച്ചു. ഗ്രന്ഥ രചന, വിവിധ മൊബൈല്‍ ആപ്പ് നിര്‍മാണം, കൂടുതല്‍ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കരസ്‌ഥമാക്കല്‍, വിവിധ ഭാഷാ പഠനങ്ങള്‍, അന്താരാഷ്‌ട്ര മാഗസിനുകളിലെ സാന്നിധ്യം, സ്‌കില്‍ ഡവലപ്‌മെന്റ്, അക്കാദമിക് രംഗത്തെ നേട്ടങ്ങള്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച മുന്നൂറ് പേരെയാണ് ആദരിച്ചത്.
വിജയരേഖ ആദരവ് സമ്മേളനം മഅ്ദിൻ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉൽഘാടനം ചെയ്‌തു. എല്ലാം തകര്‍ന്നുവെന്ന് കരുതിയ കോവിഡിനെ അതിജീവിച്ച് നേടിയെടുത്ത നേട്ടങ്ങള്‍ക്ക് തിളക്കമേറെയാണെന്നും ഇത്തരം മാതൃകകള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശം വളരെ വലുതാണെന്നും ചരിത്രത്താളുകളില്‍ ഇടം പിടിക്കുമെന്നും ഖലീല്‍ ബുഖാരി പറഞ്ഞു.
സമസ്‌ത ജില്ലാസെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് കാസിം സ്വാലിഹ് അല്‍ ഹൈദ്രൂസി, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ ഫൈസി ആമപ്പൊയില്‍, അബൂബക്കര്‍ സഖാഫി അരീക്കോട്, ശഫീഖ് റഹ്‌മാൻ മിസ്ബാഹി, ബശീര്‍ സഅദി വയനാട്, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു.
Most Read: മുല്ലപ്പെരിയാർ വിഷയം; തമിഴ്‌നാട്ടിൽ പൃഥ്വിരാജിന്റെ കോലം കത്തിച്ച് പ്രതിഷേധം