കൊച്ചി: പോലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്‌ജി ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ. പോലീസ് മാറേണ്ട സമയം അതിക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാജാക്കൻമാരാണ് എന്ന തോന്നൽ പോലീസുകാർക്ക് ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. പോലീസുകാർക്കെതിരെ നടപടി വേണമെന്ന കോടതി ഉത്തരവ് പോലീസിന്റെ മനോവീര്യം തകർക്കുമെന്ന നിലപാട് തെറ്റാണ്.
തെറ്റു ചെയ്യുന്ന പോലീസ് ഉദ്യോഗസ്‌ഥരെ മാറ്റിനിർത്താനുള്ള മനോധൈര്യമാണ് സേനയ്‌ക്ക് ഉണ്ടാകേണ്ടതെന്നും ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
പോലീസ് മാറണം. മാറേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. അതിൽ യാതൊരു സംശയവും വേണ്ട. ആ ഫോഴ്‌സിന്റെ നിലനിൽപ്പ് എന്നു പറയുന്നത് മാറ്റത്തിലൂടെ മാത്രമാണ്. ഒരു കാരണവശാലും ഈ ഫോഴ്‌സിന് മുന്നോട്ടുപോകാൻ പറ്റില്ല. തെറ്റു ചെയ്‌താൽ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാൾക്ക് ബുദ്ധിമുട്ട് വരില്ലെന്നും പറയുന്ന കാലത്ത് മാത്രമേ നമ്മുടെ ഫോഴ്‌സുകൾ ശരിയാകൂ.
പരമാധികാര റിപ്പബ്ളിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്. അത് നിങ്ങളുമാകാം. ചില പോലീസ് സ്‌റ്റേഷൻ മാത്രം ജനമൈത്രി സ്‌റ്റേഷൻ ആകുന്നത് തെറ്റാണ്. എല്ലാ പോലീസ് സ്‌റ്റേഷനും ജനമൈത്രി ആകണം. എല്ലാ പോലീസ് സ്‌റ്റേഷനും സാധാരണ ഓഫിസ് പോലെ ആകണമെന്നും അദ്ദേഹം പറഞ്ഞു.
Read Also: കൽപ്പാത്തി രഥോൽസവം; അന്തിമ തീരുമാനം ഇന്ന്