എന്‍ജിനില്‍ പരിഷ്‌കാരങ്ങളുമായി വിപണി കീഴടക്കാന്‍ മഹീന്ദ്രയുടെ ‘മരാസൊ’

By Staff Reporter, Malabar News
auto world image_malabar news
Mahindra Marazzo
Ajwa Travels

മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് (ബിഎസ്6) നിലവാരമുള്ള എന്‍ജിനോടെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ‘മരാസൊ’ വിപണിയില്‍. നവീകരിച്ച ഡീസല്‍ എന്‍ജിനാണ് മഹീന്ദ്രയുടെ ഈ വിവിധോദ്ദേശ്യ വാഹന(എംപിവി)ത്തില്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് പുറമെ ‘മരാസൊ’ വകഭേദങ്ങളുടെ ഘടനയിലും സൗകര്യങ്ങളിലും സംവിധാനങ്ങളിലുമൊക്കെ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടുണ്ട്. മുന്‍പ് എംടു, എം ഫോര്‍, എം സിക്‌സ്, എം എയ്റ്റ് എന്നിങ്ങനെയുള്ള വകഭേദങ്ങളിലാണ് ‘മരാസൊ’ ലഭ്യമായിരുന്നത്. എന്നാല്‍ ഇനി എംടു, എംഫോര്‍ പ്ലസ്, എം സിക്‌സ് പ്ലസ് പതിപ്പുകള്‍ മാത്രമാണു വില്‍പനക്കുണ്ടാവുക. കൂടാതെ ഇവയിലെല്ലാം ഏഴും എട്ടും സീറ്റുകളും ലഭ്യമാവും.

‘മരാസൊ’യിലെ 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനില്‍ പരിഷ്‌കാരങ്ങള്‍ വരുത്തി ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണു മഹീന്ദ്ര. മലിനീകരണ നിയന്ത്രണ നിലവാരം ഉയരുമ്പോളും 123 ബി എച്ച് പിയോളം കരുത്തും 300 എന്‍ എം വരെ ടോര്‍ക്കും എന്‍ജിന്‍ സൃഷ്ടിക്കും. ഫ്രണ്ട് വീല്‍ ഡ്രൈവ് ലേ ഔട്ടുള്ള എം പി വിയിലെ ഏക ട്രാന്‍സ്മിഷന്‍ സാധ്യത മുമ്പത്തെ പോലെ ആറു സ്പീഡ് മാനുവല്‍ ഗീയര്‍ബോക്‌സ് മാത്രമാണ്. എന്നാല്‍ ഇതുവരെയായി ‘മരാസൊ’യില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ലഭ്യമാക്കുമെന്ന മഹീന്ദ്രയുടെ പ്രഖ്യാപനം നടപ്പായിട്ടില്ല.

എം സ്റ്റാലിയന്‍ ശ്രേണിയിലെ പെട്രോള്‍ എന്‍ജിനോട് കൂടിയും ക്രമേണെ ‘മരാസൊ’ വില്‍പ്പനക്കെത്തും. 1.5 ലീറ്റര്‍, ഡയറക്ട് ഇഞ്ചക്ഷന്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന് 163 ബി എച്ച് പിയോളം കരുത്തും 280 എന്‍ എം വരെ ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയും. കൂടാതെ ആറു സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഐസിനില്‍ നിന്നു കടമെടുത്ത് ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയര്‍ബോക്‌സാവും ഈ എന്‍ജിനു കൂട്ടായുണ്ടാവുക.

അടിസ്ഥാന മോഡലായ ‘എം ടു’വിലെ സൗകര്യങ്ങളിലും സംവിധാനങ്ങളിലും മഹീന്ദ്ര മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നിരുന്നാലും ‘എം ഫോര്‍ പ്ലസി’ല്‍ 16 ഇഞ്ച് അലോയ് വീല്‍, സ്റ്റീയറിങ് വീലില്‍ ഘടിപ്പിച്ച കണ്‍ട്രോള്‍, റിമോട്ട് ലോക്കിങ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. അതേസമയം ‘എം സിക്‌സ് പ്ലസി’ല്‍ 17 ഇഞ്ച് അലോയ് വീല്‍, റിയര്‍ പാര്‍ക്കിങ് കാമറ, ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയാണുള്ളത്.

മരാസൊയുടെ അടിസ്ഥാന വകഭേദമായ എംടുവിന് 11.25 ലക്ഷം രൂപയാണ് ഡല്‍ഹി ഷോറൂമില്‍ വില. സമാനമായ ബി എസ് നാല് മോഡലിനെ അപേക്ഷിച്ച് 1.26 ലക്ഷം രൂപ അധികമാണിത്. ഉയര്‍ന്ന വകഭേദമായ എം സിക്‌സ് പ്ലസിന്റെ ഏഴു സീറ്റുള്ള പതിപ്പിന് 13.51 ലക്ഷവും എട്ടു സീറ്റുള്ള വകഭേദത്തിന് 13.59 ലക്ഷം രൂപയുമാണു ഷോറൂം വില.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE