മലപ്പുറം: മലപ്പുറം വണ്ടൂർ തിരുവാലിയിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ സമീപ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കാൻ ആരോഗ്യവകുപ്പ്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകിയേക്കും. ഇന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നിപ അവലോകന യോഗം ചേരും.
അതിനിടെ, കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായി വീണാ ജോർജ് ഇന്ന് കൂടിക്കാഴ്‌ച നടത്തും. എയിംസ് ഉൾപ്പടെ സംസ്‌ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ മന്ത്രി ജെപി നദ്ദയെ ധരിപ്പിക്കും. മലപ്പുറത്തെ നിലവിലെ രോഗബാധയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടേക്ക് അയച്ച 13 പേരുടെ സ്രവപരിശോധനാ ഫലങ്ങൾ ഇന്ന് പുറത്തുവരും.
നിപ ബാധിച്ച് മരിച്ച നടുവത്ത് സ്വദേശിയായ യുവാവുമായി നേരിട്ട് സമ്പർക്കമുള്ള ഇവരിൽ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് സ്രവം പരിശോധനക്കയച്ചത്. യുവാവിന്റെ റൂട്ട് മാപ്പ് അനുസരിച്ച് 175 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 74 പേർ ആരോഗ്യ പ്രവർത്തകരാണ്. 126 പേർ പ്രൈമറി കോണ്ടാക്‌ട് പട്ടികയിലും 49 പേർ സെക്കണ്ടറി കോണ്ടാക്‌ട് പട്ടികയിലുമാണ്.
പ്രൈമറി പട്ടികയിലുള്ള 104 പേരാണ് ഹൈ റിസ്‌ക് കാറ്റഗറിയിലുള്ളത്. സമ്പർക്ക പട്ടികയിലുള്ള പത്ത് പേർ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ഫീൽഡ് തലത്തിൽ ശക്‌തമായ പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. മരിച്ച വ്യക്‌തിയുടെ വീടിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ 66 ടീമുകളായി ഫീൽഡ് സർവേ ആരംഭിച്ചിട്ടുണ്ട്.
തിരുവാലി ഗ്രാമപഞ്ചായത്തിലെ വാർഡ് 4,5,6,7 എന്നീ വാർഡുകളും മമ്പാട് ഗ്രാമപഞ്ചായത്തിലെ 7മത്തെ വാർഡും കണ്ടെയ്‌ൻമെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ട്യൂഷൻ സെന്ററുകളും അങ്കണവാടികളും അടക്കമുള്ള വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ടെയ്‌ൻമെന്റ് സോണിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Related News| മലപ്പുറത്തെ നിപ്പ വൈറസ്: വ്യാപനം തടയാൻ നിയന്ത്രണം കടുപ്പിച്ചു