ഇംഫാൽ: സംഘർഷം രൂക്ഷമായ മണിപ്പൂരിൽ അഞ്ച് ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. വിദ്വേഷ പരാമർശങ്ങളും വീഡിയോകളും സാമൂഹിക മാദ്ധ്യമത്തിലൂടെ പ്രചരിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങൾക്ക് കാരണമാകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ആഭ്യന്തര വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് മുതൽ സെപ്‌തംബർ 15 വൈകിട്ട് മൂന്നുവരെയാണ് സേവനം നിർത്തിവെക്കുക എന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. മണിപ്പൂരിൽ വ്യാഴാഴ്‌ച വരെ സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു.
സംസ്‌ഥാനത്തെ സംഘർഷ ഭരിതമായ സ്‌കൂളുകൾ അടഞ്ഞുകിടക്കുകയാണ്. ചൊവ്വാഴ്‌ച ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. മണിപ്പൂരിൽ കുക്കി- മെയ്‌തേയ് വംശജർ തമ്മിൽ കഴിഞ്ഞ ഒരു വർഷത്തോളമായി സംഘർഷം തുടരുകയാണ്. കഴിഞ്ഞ ആഴ്‌ച നടന്ന സംഘർഷത്തിൽ മാത്രം 11 പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, കുക്കി, മേയ്‌തേയ് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. കാങ്‌പോക്‌പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്‌ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്‌ഡിം (46)ആണ് കൊല്ലപ്പെട്ടത്. ഒട്ടേറെ വീടുകൾക്ക് അക്രമികൾ തീയിട്ടു. നാട്ടുകാർ വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെടുകയാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം വിദ്യർഥികളുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ, സെക്രട്ടറിയേറ്റ് മാർച്ചുകളിലും വലിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ 12 പേർക്ക് പരിക്കേറ്റു. രാജ്ഭവനും സെക്രട്ടറിയേറ്റിനും നേരെ സമരക്കാർ കല്ലെറിയുകയും സിആർപിഎഫിന്റെ വാഹനവ്യൂഹം ആക്രമിക്കുകയും ചെയ്‌തു. പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി.
മണിപ്പൂരിലെ മുഴുവൻ മേയ്‌തേയ്, നാഗാ എംഎൽഎമാരും രാജിവെക്കുക, ഡിജിപിയെയും സുരക്ഷാ ഉപദേഷ്‌ടാവിനെയും മാറ്റുക, യൂണിഫൈഡ് കമാൻഡിന്റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറുക, മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡത നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥി പ്രക്ഷോഭം.
തുടർന്ന് മണിപ്പൂരിൽ അക്രമം തുടരുന്നതിൽ പ്രതിഷേധിച്ച് സ്‌ത്രീകൾ ഇംഫാലിലെ താങ്‌മെയ്‌ബാൻഡിൽ തെരുവിലിറങ്ങുകയായിരുന്നു. അതിനിടെ, കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ വിന്യസിക്കണമെന്ന് സംസ്‌ഥാനം സന്ദർശിച്ച മുതിർന്ന സൈനിക ഉദ്യോഗസ്‌ഥൻ കേന്ദ്രത്തിന് ശുപാർശ നൽകിയതായാണ് വിവരം.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ