ഇംഫാൽ: മണിപ്പൂരിൽ സംഘർഷം തുടരുന്നു. കുക്കി, മേയ്‌തേയ് വിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സ്‌ത്രീ കൊല്ലപ്പെട്ടു. കാങ്‌പോക്‌പി ജില്ലയിലെ താങ്ബ ഗ്രാമത്തിൽ ഞായറാഴ്‌ച രാത്രിയുണ്ടായ സംഘർഷത്തിൽ കുടുങ്ങിപ്പോയ നെംജാഖോൽ ഹങ്‌ഡിം (46)ആണ് കൊല്ലപ്പെട്ടത്.
ഒട്ടേറെ വീടുകൾക്ക് അക്രമികൾ തീയിട്ടു. നാട്ടുകാർ വനത്തിനുള്ളിലേക്ക് ഓടിരക്ഷപ്പെടുകയാണെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി സിആർപിഎഫ് സംഘത്തിന് നേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി. കഴിഞ്ഞ ദിവസം വിദ്യർഥികളുടെ നേതൃത്വത്തിൽ നടന്ന രാജ്ഭവൻ, സെക്രട്ടറിയേറ്റ് മാർച്ചുകളിലും വലിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. ഇതിൽ 12 പേർക്ക് പരിക്കേറ്റു.
രാജ്ഭവനും സെക്രട്ടറിയേറ്റിനും നേരെ സമരക്കാർ കല്ലെറിയുകയും സിആർപിഎഫിന്റെ വാഹനവ്യൂഹം ആക്രമിക്കുകയും ചെയ്‌തു. പോലീസ് കണ്ണീർവാതക പ്രയോഗവും ലാത്തിച്ചാർജും നടത്തി. മണിപ്പൂരിലെ മുഴുവൻ മേയ്‌തേയ്, നാഗാ എംഎൽഎമാരും രാജിവെക്കുക, ഡിജിപിയെയും സുരക്ഷാ ഉപദേഷ്‌ടാവിനെയും മാറ്റുക, യൂണിഫൈഡ് കമാൻഡിന്റെ ചുമതല മുഖ്യമന്ത്രിക്ക് കൈമാറുക, മണിപ്പൂരിന്റെ പ്രാദേശിക അഖണ്ഡത നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വിദ്യാർഥി പ്രക്ഷോഭം.
തുടർന്ന് മണിപ്പൂരിൽ അക്രമം തുടരുന്നതിൽ പ്രതിഷേധിച്ച് സ്‌ത്രീകൾ ഇംഫാലിലെ താങ്‌മെയ്‌ബാൻഡിൽ തെരുവിലിറങ്ങുകയായിരുന്നു. അതിനിടെ, കുക്കി ഭൂരിപക്ഷ പ്രദേശങ്ങളിൽ നിന്ന് അസം റൈഫിൾസിനെ പിൻവലിച്ച് സിആർപിഎഫിനെ വിന്യസിക്കണമെന്ന് സംസ്‌ഥാനം സന്ദർശിച്ച മുതിർന്ന സൈനിക ഉദ്യോഗസ്‌ഥൻ കേന്ദ്രത്തിന് ശുപാർശ നൽകിയതായാണ് വിവരം.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ