വയനാട്: ജില്ലയിൽ മാവോയിസ്‌റ്റുകൾക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. തലപ്പുഴ, പടിഞ്ഞാറത്തറ, ബാണാസുര വനമേഖലകൾ കേന്ദ്രീകരിച്ച് മൂന്ന് ദിവസമായി തിരച്ചിൽ നടത്തുകയാണ്. ആന്റി നക്‌സൽ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അതിനിടെ ഏതാനും മാവോയിസ്‌റ്റുകൾ കീഴടങ്ങാൻ സാധ്യത ഉണ്ടെന്ന അഭ്യൂഹവും ഉയരുന്നുണ്ട്.
മാവോയിസ്‌റ്റുകളായ ജയണ്ണ, വിക്രം, ഗൗഡ, സുന്ദരി, സോമൻ എന്നിവരെ ലക്ഷ്യമാക്കിയാണ് നിലവിലെ നീക്കമെന്നാണ് സൂചന. എന്നാൽ, ഇക്കാര്യങ്ങൾ സ്‌ഥിരീകരിക്കാൻ പോലീസോ നക്‌സൽ വിരുദ്ധ സേനയോ തയ്യാറായിട്ടില്ല. ഇന്നും സ്‌ക്വാഡ് രംഗത്തുണ്ടാകുമെന്നാണ് വിവരം. അതേസമയം, ലോക്കൽ പോലീസിന് തിരച്ചിലിനെ കുറിച്ച് അറിവില്ലെന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ, മാനന്തവാടിയിലെ പരിസരത്തെയും സ്‌റ്റേഷനുകളിലെ പോലീസ് സേനകൾ പ്രത്യേകം സജ്‌ജമാക്കിയിരിക്കണമെന്നും നിർദ്ദേശമുണ്ട്. കർണാടക അതിർത്തിയിൽ നിന്ന് മാവോയിസ്‌റ്റ് നേതാക്കളായ വിജി കൃഷ്‌ണമൂർത്തി, സാവിത്രി എന്നിവരെ പിടികൂടുകയും കബനി ദളം സെക്കൻഡ് കമാൻഡ് ലിജേഷ് പോലീസിൽ കീഴടങ്ങുകയും ചെയ്‌തതോടെ മാവോയിസ്‌റ്റ് സംഘത്തിന്റെ ബലം ഏറെ കുറഞ്ഞതായാണ് പോലീസിന്റെ കണക്കുകൂട്ടൽ.
Most Read: ധീരജിന്റെ കൊലപാതകം; ഗൂഢാലോചന അന്വേഷിക്കാൻ പ്രത്യേക സംഘം