തൃശൂർ: പുന്നയൂർക്കുളത്തെ കുന്നത്തൂർമന ഹെറിറ്റേജിൽ പൂമാലകെട്ടി കതിർമണ്ഡപം ഒരുക്കിയത് ഒരു അപൂർവ വിവാഹത്തിന് വേണ്ടി ആയിരുന്നു. വാടാനപ്പിള്ളി ഷെല്ലി, നഷി ദമ്പതികളുടെ വളർത്തു നായയായ ആക്‌സിഡിന്റെ വിവാഹമാണ് കന്നിമാസത്തിലെ ശുഭമുഹൂർത്തത്തിൽ നടന്നത്. ബീഗിൾ ഇനത്തിൽപ്പെട്ട വരൻ ആക്‌സിഡിന്റെ വധു പുന്നയൂർക്കുളത്തു നിന്നുള്ള ഒന്നര വയസുകാരി ജാൻവിയാണ്.
രണ്ട് അൺമക്കളുള്ള ഷെല്ലി, നഷി ദമ്പതികൾ ആക്‌സിഡിനെ മൂന്നാമത്തെ മകനായാണ് കാണുന്നത്. ആക്‌സിഡിന് കൂട്ടു വേണമെന്ന് ദമ്പതികൾ കരുതി. രണ്ട് ആൺമക്കളും ഇതിനു പിന്തുണ നൽകി. അങ്ങനെയാണ്, കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചത്. വിവാഹത്തിന് ഉത്തമമായ കന്നി മാസം തിരഞ്ഞെടുത്തു. ശുഭമുഹൂർത്തവും കുറിച്ചു കിട്ടി.
രാവിലെ പതിനൊന്നിനും പന്ത്രണ്ടിനും മധ്യേയായിരുന്നു വിവാഹം. സാധാരണ ഒരു വിവാഹ ചടങ്ങ് എങ്ങനെയാണോ ആ കെട്ടിലും മട്ടിലും തന്നെയായിരുന്നു വളർത്തു നായയുടെ കല്യാണവും. സിൽക് ഷർട്ടും മുണ്ടുമാണ് ആക്‌സിഡിന്റെ വേഷം. കസവിൽ നെയ്‌ത പട്ടുപാവാടയണിഞ്ഞ് ജാൻവിയും എത്തി.
ആഘോഷത്തിന്റെ മാറ്റ് കൂട്ടാൻ ഇവന്റ് മാനേജ്മെന്റ് ടീമിനെ ഏൽപിച്ചു. സേവ് ദി ഡേറ്റ് ഷൂട്ടും നടത്തി. മിന്നുകെട്ടലിനു ശേഷം കേക്ക് മുറിക്കലും വിവാഹ സദ്യയും ഒരുക്കിയിരുന്നു. വിവാഹ വിരുന്നിന് സാക്ഷ്യം വഹിക്കാൻ സുഹൃത്തുക്കളുടെ വളർത്തുനായകളേയും കൊണ്ടുവന്നിരുന്നു. ഭക്ഷണത്തിനു ശേഷം ഇരുവരും വരന്റെ വീടായ വാടാനപ്പിള്ളിയിലേക്ക് പോയി.ഗംഭീരമായ മുന്നൊരുക്കങ്ങളായിരുന്നു വിവാഹത്തിന് വേണ്ടി നടത്തിയത്. സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടും, വിവാഹ വസ്‌ത്രങ്ങൾ വാങ്ങലുമെല്ലാം ഒരു മാസം മുമ്പ് തന്നെ ആരംഭിച്ചിരുന്നു. ഷെല്ലിയുടെ മക്കളായ ആകാശും അർജുനും പങ്കുവെച്ച സേവ് ദി ഡേറ്റ് വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. “പ്രായം തികഞ്ഞ ഞാനിവിടെ അവിവാഹിതനായി നിൽക്കുമ്പോഴാ നായയുടെ കല്യാണം” എന്ന സേവ് ദി ഡേറ്റ് കാർഡ് കാണാത്തവർ കുറവായിരിക്കും. 50 പേരെയാണ് വിവാഹത്തിന് ക്ഷണിച്ചത്. വധൂവരൻമാരുടെ ഇഷ്‌ട ഭക്ഷണമായ ചിക്കൻ ബിരിയാണിയും ഫ്രൈയുമായിരുന്നു ഭക്ഷണം.
Most Read: ജയസൂര്യ- രഞ്‌ജിത്ത് ശങ്കർ കൂട്ടുകെട്ടിന്റെ ‘സണ്ണി’; ട്രെയ്‌ലർ പുറത്ത്