വെല്ലുവിളിയായി അഞ്ചാംപനി കേസുകൾ; ഭയപ്പെടേണ്ടതുണ്ടോ?

കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നിലവിൽ രോഗം വ്യാപകമായിരിക്കുന്നത്. ഇവിടെ 32 പേർക്കാണ് ചുരുങ്ങിയ ദിവസത്തിനിടെ രോഗം പിടിപെട്ടത്. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് നാദാപുരത്ത് റിപ്പോർട് ചെയ്‌തത്‌.

By Trainee Reporter, Malabar News
measles
Rep.Image
Ajwa Travels

കോവിഡിന് പിന്നാലെ വെല്ലുവിളിയായി അഞ്ചാംപനിയും. കോഴിക്കോട് ജില്ലയിലെ നാദാപുരത്താണ് നിലവിൽ രോഗം വ്യാപകമായിരിക്കുന്നത്. ഇവിടെ 32 പേർക്കാണ് ചുരുങ്ങിയ ദിവസത്തിനിടെ രോഗം പിടിപെട്ടത്. ഇന്നലെ മാത്രം ആറ് പുതിയ കേസുകളാണ് നാദാപുരത്ത് റിപ്പോർട് ചെയ്‌തത്‌. അഞ്ചാംപനി ആശങ്കയായി തുടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.

നാദാപുരത്ത് അധികവും കുട്ടികളെ തന്നെയാണ് രോഗം ബാധിച്ചിരിക്കുന്നത്. പൊതുവെ അഞ്ചാംപനി കുട്ടികളെ തന്നെയാണ് കൂടുതലായി ബാധിക്കാറുള്ളത്. മുതിർന്നവരിൽ വളരെ കുറഞ്ഞ തോതിലെ അഞ്ചാംപനി റിപ്പോർട് ചെയ്യപ്പെടാറുള്ളൂ. നാദാപുരത്ത് അസുഖം ബാധിച്ച കുട്ടികളിൽ ഭൂരിഭാഗം പേരും വാക്‌സിൻ എടുത്തിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് കണ്ടെത്തിയത്. കുട്ടികളിൽ വാക്‌സിൻ ലഭ്യമാക്കാൻ ശ്രമിക്കുമ്പോഴും പല വീട്ടുകാരും ഇതിന് വിമുഖത കാണിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്.

നേരത്തെ, അഞ്ചാംപനി വ്യാപകമായ മലപ്പുറത്തും ധാരാളം പേർ വാക്‌സിൻ സ്വീകരിക്കുന്നതിന് വിമുഖത കാട്ടിയിരുന്നു. നിലവിൽ മലപ്പുറത്തെ സാഹചര്യം സുരക്ഷിതമാണ്. നവംബറോടെയാണ് മലപ്പുറത്ത് പലയിടങ്ങളിലായി അഞ്ചാംപനി കേസുകൾ റിപ്പോർട് ചെയ്യപ്പെട്ട് തുടങ്ങിയത്. തുടർന്ന് രണ്ടു മാസത്തിനുള്ളിൽ 800 ലധികം കേസുകളാണ് ജില്ലയിൽ ഉണ്ടായത്. എന്നാൽ, ജനുവരി ആദ്യത്തോടെ തന്നെ മലപ്പുറത്തെ അവസ്‌ഥയിൽ മാറ്റം വന്നിരുന്നു.

അഞ്ചാംപനി കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട് ചെയ്‌ത പ്രദേശങ്ങളിൽ കൂടുതൽ ജാഗ്രത പാലിച്ചതോടെയാണ് ആരോഗ്യവകുപ്പിന് മലപ്പുറത്തെ രോഗബാധക്ക് തടയിടാനായത്. ഇതേ നടപടിയാണ് ഇപ്പോൾ നാദാപുരത്തും സ്വീകരിക്കുന്നത്. അതായത്, ഇവിടെ വീണ്ടും രോഗബാധ ഉണ്ടാകാതിരിക്കാനും രോഗം പ്രദേശത്തിന് പുറത്തേക്ക് എത്താതിരിക്കാനും ആവശ്യമായ എല്ലാം നടപടികളും ആരോഗ്യവിഭാഗം കൈകൊള്ളുന്നുണ്ട്. ഇതോടൊപ്പം തന്നെ വാക്‌സിൻ സ്വീകരിക്കാത്തവരെ, കുത്തിവെപ്പ് എടുപ്പിക്കാനും പ്രേരിപ്പിക്കുന്നുണ്ട്.

എന്താണ് അഞ്ചാംപനി?

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ അഞ്ചാംപനി പ്രായമായവരെ ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. റൂബിയോള എന്ന വൈറസാണ് രോഗം സൃഷ്‌ടിക്കുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ബാധിക്കുന്ന രോഗമാണിത്. ഉൽഭവകാലം മുതൽ 10 മുതൽ 14ദിവസം വരെ രോഗം നീണ്ടു നിൽക്കും. അധിക കേസുകളിലും അഞ്ചാംപനി കാര്യമായ സങ്കീർണതകൾ സൃഷ്‌ടിക്കില്ലെങ്കിലും ചില കേസുകളിൽ അംഗവൈകല്യം മുതൽ മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

രോഗം പകരുന്ന രീതി

രോഗം ബാധിച്ച വ്യക്‌തിയുടെ ശരീരസ്രവങ്ങളിലൂടെ പ്രധാനമായും വായിലൂടെയും മൂക്കിലൂടെയും പുറത്തുവരുന്ന ദ്രാവകങ്ങളിലൂടെയാണ് മറ്റുള്ളവരിലേക്ക് രോഗകാരികളായ വൈറസ് എത്തുന്നത്. ശാരീരിക സമ്പർക്കം, ചുമ, തുമ്മൽ എന്നിവയിലൂടെയും രോഗം പകരും.

രോഗിയിൽ നിന്ന് പുറത്തെത്തുന്ന വൈറസ് രണ്ടു മണിക്കൂറോളം അന്തരീക്ഷത്തിൽ സജീവമായി നിൽക്കും. ഇവ മറ്റൊരാളുടെ ശരീരത്തിൽ പ്രവേശിക്കുകയും തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളിൽ കിടന്ന് പെരുകുകയും ശരീരം മുഴുവനും വ്യാപിക്കുകയും ചെയ്യുന്നു. രോഗാണു ശരീരത്തിലെത്തി 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും.

measles-rubella

രോഗലക്ഷണങ്ങൾ

ശരീരം മുഴുവനുമായി കാണപ്പെടുന്ന ചെറിയ തിണർപ്പുകളാണ് അഞ്ചാംപനിയുടെ പ്രധാന ലക്ഷണം. പനി തുടങ്ങി രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ വായ്‌ക്കകത്ത് മോണയുടെ ഉൾഭാഗത്തെ ചുവന്ന പ്രതലത്തിൽ ചാരനിറത്തിലുള്ള മണൽത്തരികൾ പോലുള്ള കുരുക്കൾ കാണാം. ഇത് അഞ്ചാംപനിയുടെ സവിശേഷമായ ലക്ഷണമാണ്.

തിണർപ്പുകളാണെങ്കിൽ ആദ്യം ചെവിയുടെ പുറം ഭാഗത്താണ് കാണപ്പെടുക. തുടർന്ന് തലയിലും മുഖത്തും കൈപ്പത്തിക്കുള്ളിലുമെല്ലാം കാണാം. ചുവന്ന നിറത്തിലുള്ള ഈ കുമിളകളിൽ ചൊറിച്ചിലും അനുഭവപ്പെടാം. ഇവക്ക് പുറമെ, ചുമ, കണ്ണുകളിൽ ചുവപ്പു നിറം, വെളിച്ചത്തേക്ക് നോക്കുമ്പോൾ പ്രയാസം, പേശിവേദന, മൂക്കൊലിപ്പ്, തൊണ്ടവേദന, ഛർദി, വയറിളക്കം എന്നിവയെല്ലാം അഞ്ചാംപനിയുടെ മറ്റ് ലക്ഷണങ്ങളാണ്.

ചികിൽസ

പോഷകാഹാര കുറവുള്ള കുട്ടികളിൽ, പ്രതിരോധശേഷി കുറവുള്ള കുട്ടികളിൽ, അഞ്ചു വയസിന് താഴെ പ്രായം വരുന്ന കുട്ടികളിൽ എന്നിവരിലാണ് അഞ്ചാംപനി കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുക. അധികവും അഞ്ചാംപനി അധികരിച്ചു ന്യുമോണിയ ബാധിക്കപ്പെടുന്നതോടെയാണ് രോഗിയിൽ മരണസാധ്യത കൂട്ടുന്നത്. ഇതിന് പുറമെ രോഗം തലച്ചോറിൽ നീർക്കെട്ട് സൃഷ്‌ടിക്കുന്നതും ജീവന് ഭീഷണിയാണ്. അതിനാൽ, ആശുപത്രി ചികിൽസ തേടുന്നതാണ് ഇതിന് ഉചിതം. രോഗി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ആകാതിരിക്കാനും ശ്രദ്ധിക്കണം.

ചെയ്യേണ്ട കാര്യങ്ങൾ

അഞ്ചാംപനി ലക്ഷങ്ങൾ കണ്ടാലുടൻ ചികിൽസ തേടുകയാണ് ആദ്യം ചെയ്യേണ്ടത്. രോഗിയുടെ പ്രത്യേകിച്ച് കുട്ടികളിൽ ആണെങ്കിൽ ആരോഗ്യവ്യവ്സ്ഥകൾ തുടർച്ചയായി നിരീക്ഷിക്കണം. എന്തെങ്കിലും പ്രയാസം തോന്നിയാൽ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. രോഗി ഉള്ളിടത്ത് പരിസരം ശുചിയായി സൂക്ഷിക്കുക. രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും വായും മൂക്കും പൊത്തിയിരിക്കണം. രോഗി ധാരാളമായി വെള്ളം കുടിക്കുന്നത് ഉറപ്പു വരുത്തണം. ഒപ്പം വിശ്രമവും ആവശ്യമാണ്.

vaccine

രോഗം തടയാം വാക്‌സിനിലൂടെ

അഞ്ചാംപനിയെ വളരെ ഫലപ്രദമായി തടയുന്ന ഒരു വാക്‌സിനാണ് മീസിൽസ് വാക്‌സിൻ. 9 മാസം പ്രായമായ 85% കുട്ടികൾക്കും 12 മാസത്തിലധികം പ്രായമായ 95% കുട്ടികൾക്കും ഒരു ഡോസിനു ശേഷം അഞ്ചാംപനിക്കെതിരെ പ്രതിരോധ ശേഷി രൂപപ്പെടും. ഒന്നാമത്തെ ഡോസിൽ പ്രതിരോധശേഷി പുരോഗമിക്കാത്ത എല്ലാവരിലും രണ്ടാമത്തെ ഡോസോടുകൂടി പ്രതിരോധശേഷി ഉണ്ടാകുന്നതാണ്.

ഒരു പ്രദേശത്തെ ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്‌സിൻ എടുത്തവരാണെങ്കിൽ പിന്നീട് അഞ്ചാംപനി പൊട്ടിപുറപ്പെടുകയില്ല. എന്നിരുന്നാലും വാക്‌സിൻ നൽകുന്നതിന്റെ തോത് കുറഞ്ഞാൽ അത് വീണ്ടും ഉടലെടുക്കാൻ സാധ്യതയുണ്ട്. വാക്‌സിന്റെ ഫലപ്രാപ്‌തി വളരെ വർഷങ്ങൾ നിലനിൽക്കും. കാലങ്ങൾക്കുശേഷം പ്രതിരോധശേഷി കുറയുന്നതായി വ്യക്‌തമല്ല. അഞ്ചാം പനി വന്ന് ഒന്നു രണ്ടു ദിവസത്തിനകം വാക്‌സിൻ നൽകിയാലും രോഗത്തിൽ നിന്ന് രക്ഷ നേടാം.

Most Read: സർവകലാശാലകളിൽ ആർത്തവാവധി അനുവദിച്ച് ഉത്തരവ്; 60 ദിവസം പ്രസവാവധിയും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE