കൊല്ലം: എൻ പ്രശാന്ത് ഐഎസിനെതിരെ ഫേസ്ബുക്ക് പോസ്‌റ്റുമായി മുൻ മന്ത്രിയും സിപിഎം നേതാവുമായ ജെ മെഴ്‌സിക്കുട്ടിയമ്മ. ആഴക്കടൽ മൽസ്യബന്ധന കരാറുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന അഴിമതി ആരോപണത്തിന് പിന്നിൽ പ്രശാന്താണെന്ന് മെഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു.
മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന പ്രശാന്ത് നടത്തിയ രാഷ്‌ട്രീയ ഗൂഢാലോചനയായിരുന്നു ആഴക്കടൽ വിൽപ്പനയെന്ന ആരോപണമെന്നും ഇതിന്റെ ലക്ഷ്യം തീരദേശ മണ്ഡലങ്ങൾ യുഡിഎഫിന് ഉറപ്പാക്കുക എന്നതായിരുന്നുവെന്നും മെഴ്‌സിക്കുട്ടിയമ്മ ഫേസ്ബുക്ക് പോസ്‌റ്റിൽ കുറിച്ചു.
രമേശ് ചെന്നിത്തല ആരോപിച്ചത് ഫിഷറീസ് വകുപ്പ് എംഒയുവിൽ ഒപ്പുവെച്ചു എന്നായിരുന്നു. എന്നാൽ, എംഒയു ഒപ്പുവെച്ചിരിക്കുന്നത് ഇൻലാൻഡ് നാവിഗേഷന്റെ എംഡിയായ പ്രശാന്തുമായിട്ടായിരുന്നു. ആഴക്കടൽ ട്രോളറുമായി ബന്ധപ്പെട്ട് എന്നാണ് സംഭവിച്ചത് എന്ന് അന്വേഷിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന ഗൂഢാലോചന മനസിലാകുന്നത്.
വ്യവസായ വകുപ്പ് കൊച്ചിയിൽ നിക്ഷേപ സംഗമം നടത്തിയിരുന്നു. അവിടെ വന്ന ചില വികസന പദ്ധതികൾ എന്ന വ്യാജേനയാണ് വ്യവസായ വകുപ്പുമായി ബന്ധമില്ലാത്ത ഇൻലാൻഡ് നാവിഗേഷൻ എംഡി 5000 കോടി രൂപയുടെ വികസന പദ്ധതി ഇഎംസിസിയുമായി എംഒയു ഒപ്പുവെക്കുന്നത്. ഈ തിരക്കഥയുടെ എല്ലാം ചുക്കാൻ പിടിച്ചത് വഞ്ചനയുടെ പര്യായമായ ഐഎഎസ് ഉദ്യോഗസ്‌ഥൻ പ്രശാന്താണെന്ന് മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
ഫിഷറീസ് ഡിപ്പാർട്ട്മെന്റിന് ഒരു ബന്ധവുമില്ലാത്ത, ഫിഷറീസ് വകുപ്പ് അറിയാത്ത ഒരു കാര്യം മന്ത്രി ‘കടൽ വിറ്റു’ എന്ന രീതിയിൽ പ്രചരിച്ചു. ഈ നുണപ്രചാരണത്തിന് താൻ ക്രൂരമായി വിധേയമായി. കൊല്ലത്ത് ഈ കല്ലുവെച്ച നുണ ഏറ്റെടുത്തത് കൊല്ലം രൂപത തന്നെയായിരുന്നു. അവർ കൊല്ലം ബിഷപ്പിന്റെ പേരിൽ ഇടയലേഖനം ഇറക്കി.
ഈ മേഖലയിലെ സ്‌ഥാപിത താൽപ്പര്യകാര്യം സംഘപരിവാറും യുഡിഎഫും കൈകോർത്തുവെന്നും മെഴ്‌സിക്കുട്ടിയമ്മ ആരോപിച്ചു. രമേശ് ചെന്നിത്തലയ്‌ക്കും യുഡിഎഫിനും വേണ്ടി വീടുപണി ചെയ്‌ത പ്രശാന്ത് ഐഎഎസ് വീണ്ടും വില്ലൻ റോളിൽ എത്തിയിരിക്കുകയാണെന്നും ഫേസ്ബുക്ക് പേജിൽ പറഞ്ഞു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!