തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്റര്‍ ഉടമകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ മന്ത്രിതല യോഗം ചേരുമെന്ന് മന്ത്രി സജി ചെറിയാന്‍. ചൊവ്വാഴ്‌ച ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്‌തിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
തിയേറ്റര്‍ ഉടമകൾ പ്രധാനമായും ധനകാര്യം, തദ്ദേശസ്വയംഭരണം, വൈദ്യുതി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ ഈ വകുപ്പ് മന്ത്രിമാരെക്കൂടി പങ്കെടുപ്പിച്ചു കൊണ്ടുള്ള യോഗത്തിലേ അന്തിമ തീരുമാനമെടുക്കാനാവൂ. അതിനാലാണ് മന്ത്രിതല യോഗം നടത്താന്‍ തീരുമാനിച്ചത്; മന്ത്രി വ്യക്‌തമാക്കി.
യോഗത്തിന്റെ തീയതി അടക്കമുള്ള കാര്യങ്ങൾ ഉടൻ നിശ്‌ചയിക്കുമെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
ആറ് മാസത്തെ ഇടവേളയ്‌ക്ക് ശേഷം സംസ്‌ഥാനത്ത് കഴിഞ്ഞ ദിവസമാണ് തിയേറ്ററുകൾ തുറന്നത്. അതേസമയം ഇന്ന് മുതലാണ് സിനിമാ പ്രദർശനം ആരംഭിക്കുക. ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം ടു ഡൈ’, ‘വെനം 2‘ എന്നിവയാണ് ആദ്യ ദിനമായ ബുധനാഴ്‌ച പ്രദർശിപ്പിക്കുക. 28ന് റിലീസ് ചെയ്യുന്ന ‘സ്‌റ്റാറാ’ണ് ആദ്യം പ്രദർശനത്തിന് എത്തുന്ന മലയാള ചിത്രം.
പകുതി സീറ്റുകളിൽ മാത്രമേ കാണികളെ അനുവദിക്കൂവെന്ന് സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്. കൂടാതെ രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമാകും തിയേറ്ററുകളിൽ പ്രവേശനമുണ്ടാവുക.
Most Read: കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം; മന്ത്രിതല ചർച്ച ഇന്ന്