മൊറട്ടോറിയം; കാലാവധി നീട്ടണമെന്ന കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി

By News Desk, Malabar News
Delhi riots; Supreme Court rules today on Facebook vice president
Supreme Court Of India
Ajwa Travels

ന്യൂഡെൽഹി: പലിശ ഇളവ് നടപ്പിലാക്കാൻ ഒരു മാസത്തെ കാലാവധി കൂടി വേണമെന്ന കേന്ദ്ര സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മൊറട്ടോറിയം പ്രഖ്യാപിച്ച കാലത്തെ രണ്ടുകോടി രൂപ വരെയുള്ള വായ്‌പകൾക്ക് പലിശ ഇളവ് നൽകുന്നത് നടപ്പിലാക്കാൻ വേണ്ടിയാണ് കേന്ദ്രം ഒരു മാസത്തെ സമയം ചോദിച്ചിരുന്നത്. എന്നാൽ, വിഷയത്തിൽ ഇതിനോടകം തീരുമാനം എടുത്ത പശ്‌ചാത്തലത്തിൽ അത് നടപ്പാക്കാൻ എന്തിനാണ് കൂടുതൽ സമയമെന്ന് സുപ്രീം കോടതി ചോദിച്ചു. സാധാരണക്കാരന്റെ ദീപാവലി കേന്ദ്രത്തിന്റെ കയ്യിലാണെന്നും വിഷയം പരിഗണിക്കുന്ന അവസരത്തിൽ കോടതി പറഞ്ഞു.

പലിശ ഇളവ് നൽകുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങളുടെ നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നവംബർ 15 വരെ സമയം വേണ്ടി വരുമെന്ന് ബാങ്കുകൾക്ക് വേണ്ടി ഹാജരായ ഹരീഷ് സാൽവേ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജസ്‌റ്റിസുമാരായ അശോക് ഭൂഷൺ, ആർ.സുഭാഷ് റെഡ്‌ഡി, എം.ആർ ഷാ, എന്നിവരുടെ ബെഞ്ച് ആവശ്യം തള്ളിയത്.

‘സാധാരണക്കാർ ആശങ്കയിലാണ്. രണ്ടുകോടി വരെ വായ്‌പ എടുത്തവരുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്’-ബെഞ്ച് പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം വായ്‌പ തിരിച്ചടവ് മുടങ്ങിയ ആളുകൾക്ക് ആശ്വാസം നൽകുന്ന നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. കേസ് നവംബർ 2 ന് വീണ്ടും പരിഗണിക്കുമ്പോൾ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മൊറട്ടോറിയം ഏർപ്പെടുത്തിയ കാലയളവിൽ രണ്ട് കോടി രൂപ വരെയുള്ള വായ്‌പകൾക്ക് കൂട്ടുപലിശ ഈടാക്കില്ലെന്ന് നേരത്തെ തന്നെ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. തുടർന്ന്, വിഷയത്തിൽ കൂടുതൽ വ്യക്‌തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടതിന് പിന്നാലെ പുതിയ സത്യവാങ് മൂലം സർക്കാർ സമർപ്പിക്കുകയും ചെയ്‌തു. ബാങ്കുകൾ ഉൾപ്പടെ എല്ലാ വിഭാഗങ്ങളോടും ചർച്ച ചെയ്‌ത ശേഷമാണ് ഇളവുകൾ സംബന്ധിച്ച തീരുമാനം എടുത്തത് എന്നാണ് പുതിയ സത്യവാങ് മൂലത്തിൽ സർക്കാർ വിശദീകരിച്ചിരിക്കുന്നത്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിലപാട്!

മൊറൊട്ടോറിയം നീട്ടാൻ കഴിയില്ല എന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) നേരെത്തെ നിലപാട് വ്യക്‌തമാക്കിയിരുന്നു. സുപ്രീം കോടതിയിൽ ഇത് അവതരിപ്പിച്ചു കൊണ്ട് ആർബിഐ സത്യവാങ് മൂലം ഫയൽ ചെയ്‌തിട്ടുണ്ട്‌. താൽക്കാലിക ആശ്വാസമായി ഏർപ്പെടുത്തിയ മൊറട്ടോറിയം നീട്ടൽ അസാധ്യമാണെന്ന് ബോധ്യപ്പെടുത്തുന്ന കണക്കുകളും സത്യവാങ് മൂലത്തിൽ ആർബിഐ നിരത്തിയിട്ടുണ്ട് .

ലോക്‌ഡൗണിന് മുൻപ് ആരെങ്കിലും തിരിച്ചടവിൽ വീഴ്ച്ച വരുത്തിയത് നിലവിൽ ഉണ്ടങ്കിൽ അവർക്ക് ആനുകൂല്യം ബാധകം ആയിരിക്കില്ല എന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലത്തിൽ എടുത്ത് പറഞ്ഞിട്ടുണ്ട്. ലോക്‌ഡൗൺ കാലത്ത് പ്രതിസന്ധി നേരിടുന്നവർക്ക് ഉള്ള അനൂകൂല്യം പഠിക്കാൻ രൂപീകരിച്ച കെ വി കാമത്ത് കമ്മിറ്റിയുടെ ശുപാർശകൾ അംഗീകരിക്കുന്നതായും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കോടതിയെ അറിയിച്ചിരുന്നു.

ആർക്കൊക്കെ കൂട്ട് പലിശ ഒഴിവാകും?

രണ്ട് കോടി രൂപ വരെ വായ്‌പ എടുത്തവർക്ക് ആണ് കൂട്ട് പലിശ ഒഴിവായി കിട്ടുന്നത്. ചെറുകിട വ്യവസായങ്ങൾക്ക് വേണ്ടി എടുത്ത വായ്‌പ, വിദ്യാഭ്യാസ വായ്‌പ, ഭവന വായ്‌പ, ക്രെഡിറ്റ് കാർഡ് കുടിശിക, വാഹന വായ്‌പ, വ്യക്‌തിഗത വായ്‌പ, വീട്ടിലേക്ക് സാധനങ്ങൾ വാങ്ങാൻ വേണ്ടി എടുത്ത വായ്‌പ, തുടങ്ങിയവയ്ക്ക് ആണ് ഇളവ് ലഭിക്കുക.

Must Read: ബാധ്യത വരുത്തിയ കമ്പനികള്‍ക്ക് 1.6 ലക്ഷം കോടി തിരിച്ചടക്കാന്‍ 10വര്‍ഷ സാവകാശം നൽകി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE