റിയാദ്: സൗദി അറേബ്യക്ക് പിന്നാലെ ലെബനനെതിരെ കടുത്ത നടപടികളുമായി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍. ബഹ്റൈനും കുവൈത്തും യുഎഇയും തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ ബെയ്റൂത്തില്‍ നിന്ന് തിരിച്ചുവിളിച്ചു. സ്വന്തം പൗരൻമാരെ ലെബനന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് വിലക്കിയിട്ടുമുണ്ട്.
ലബനനുമായുള്ള ബന്ധം വഷളാകുന്നതിനിടെ കഴിഞ്ഞ ദിവസം സൗദി അറേബ്യ അംബാസഡറെ തിരിച്ചു വിളിച്ചിരുന്നു. 48 മണിക്കൂറിനുള്ളിൽ സൗദിയിലെ ലബനൻ അംബാസഡറോട് രാജ്യം വിട്ടുപോകാനും നിർദ്ദേശിച്ചിരുന്നു. ഇതിനുപുറമെ ലബനനിൽ നിന്നുള്ള എല്ലാ ഇറക്കുമതിയും സൗദി അറേബ്യ നിർത്തിവെച്ചു.
സൗദി അറേബ്യയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കകം ആണ് ബഹ്റൈനും സമാനമായ നടപടികളുമായി രംഗത്തെത്തിയത്. സഹോദര രാജ്യമായ സൗദിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും സൗദിയോടുള്ള ലെബനന്‍ അധികൃതരുടെ സമീപനം സ്വീകാര്യമല്ലെന്നും യുഎഇ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യെമനില്‍ നടത്തിവരുന്ന ഇടപെടലുകളെ ലെബനനിലെ ഒരു മന്ത്രി വിമര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സൗദി അറേബ്യ കടുത്ത നടപടികള്‍ പ്രഖ്യാപിച്ചത്.
ഹൂതികൾ സ്വയം പ്രതിരോധിക്കുക ആണെന്നായിരുന്നു ലബനൻ മന്ത്രി പറഞ്ഞത്. സൗദിയും യുഎഇയും യെമനിൽ നടത്തുന്നത് അധിനിവേശമാണെന്നും ലബനൻ മന്ത്രി ആവർത്തിച്ചു. മന്ത്രിയുടെ പ്രസ്‌താവന അംഗീകരിക്കുന്നില്ലെന്ന് ലബനൻ പ്രധാനമന്ത്രി പറഞ്ഞെങ്കിലും നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വാർത്താ വിതരണ മന്ത്രി. പ്രശ്‌നം വഷളായതോടെ ലെബനൻ ചർച്ചക്ക് ശ്രമിക്കുന്നുണ്ട്.
അതേസമയം പ്രശ്‍നങ്ങള്‍ കൂടുതല്‍ വഷളാവാതിരിക്കാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്ന് ഒമാൻ പറഞ്ഞു. രാജ്യങ്ങളുടെയും ജനങ്ങളുടെയും താൽപര്യങ്ങൾ കണക്കിലെടുത്ത് അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. അതിനിടെ ലെബനന്‍ മന്ത്രിയുടെ പ്രസ്‍താവനയെ അപലപിച്ച ഖത്തര്‍ വിദേശകാര്യ മന്ത്രാലയം, പ്രശ്‍നം പരിഹരിക്കാന്‍ ലെബനന്‍ ഭരണകൂടം നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
Most Read: ‘വംശനാശം എന്നത് വളരെ മോശം കാര്യമാണ്’; മനുഷ്യർക്ക് ഉപദേശവുമായി ദിനോസർ