തിരുവനന്തപുരം: സംസ്‌ഥാനത്തെ മെഡിക്കൽ കോളേജുകളിൽ പിജി ഡോക്‌ടർമാരുടെ സമരം ഇന്നും തുടരും. പിജി ഡോക്‌ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കൽ കോളേജ് അധ്യാപകർ അടക്കമുള്ളവരുടെ സംഘടനകൾ രംഗത്തെത്തി. കെജിഎംസിടിഎ നാളെ ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. ഒപി, ഐപി സേവനങ്ങൾ ബഹിഷ്‌കരിക്കാനാണ് ഇവരുടെ തീരുമാനം.
പിജി വിദ്യാർഥികളുടെ സമരം തുടരുന്നതിനാൽ കുറവ് നികത്താൻ നഴ്‌സിംഗ് വിദ്യാർഥികളെ പോസ്‌റ്റ് ചെയ്യുന്നതിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്. നഴ്‌സിംഗ് കോളേജ് എസ്എഫ്ഐ യൂണിറ്റാണ് പ്രതിഷേധം അറിയിച്ചത്. തിങ്കളാഴ്‌ച ബഹിഷ്‌കരണ സമരം പ്രഖ്യാപിച്ച് ഹൗസ് സർജൻമാരും രംഗത്ത് വന്നു. അത്യാഹിതം, കോവിഡ് ചികിൽസ എന്നിവ ഒഴികെ മറ്റെല്ലാ ഡ്യൂട്ടികളും തിങ്കളാഴ്‌ച ഇവർ ബഹിഷ്‌കരിക്കും.
സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ചർച്ചകൾക്ക് ഇതുവരെ വഴിയൊരുങ്ങിയിട്ടില്ല. അത്യാഹിത വിഭാഗം അടക്കം കോവിഡൊഴികെ എല്ലാ ചികിൽസാ വിഭാഗങ്ങളും ബഹിഷ്‌കരിച്ചുള്ള സമരം മൂന്നാം ദിവസത്തിലേക്കാണ് കടക്കുന്നത്. സമരത്തെ തുടർന്ന് പല പ്രധാന ചികിൽസാ വിഭാഗങ്ങളും ശസ്‌ത്രക്രിയകളും പരിമിതപ്പെടുത്തിയ നിലയിലാണ്.
അതേസമയം, സമരക്കാരുടെ പ്രധാന ആവശ്യമായിരുന്ന നോൺ അക്കാദമിക് ജൂനിയർ ഡോക്‌ടർമാരുടെ നിയമന നടപടികൾ നാളെ തുടങ്ങും. നാളെയാണ് ഇതിന്റെ അഭിമുഖം നടക്കുന്നത്. ശമ്പള വർധനവിലെ അപാകതകൾ പരിഹരിക്കാണമെന്ന് ആവശ്യപ്പെട്ട് കെജിഎംഒഎയുടെ നിൽപ്പ് സമരവും അഞ്ചാം ദിവസത്തിലേക്ക് കടന്നു.
Read Also: കോവിഡ് മരണം, കേരളം രണ്ടാം സ്‌ഥാനത്ത്; സർക്കാർ വാദങ്ങൾ പാഴായി