ന്യൂഡെൽഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് തുറന്നു വിടുന്നുവെന്ന കേരളത്തിന്റെ പരാതി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്‌റ്റിസ് എഎം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് കേരളം ചീഫ് ജസ്‌റ്റിസ് എന്‍വി രമണയ്‌ക്ക് മുന്നില്‍ ആവശ്യം ഉന്നയിച്ചിരുന്നു.
അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിടുന്നതില്‍ നിന്ന് തമിഴ്‌നാടിനെ വിലക്കണമെന്ന് കേരളം സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെടുന്നു. സ്‌പില്‍വേ ഷട്ടറുകള്‍ തുറക്കുന്നതിലും, ഒഴുക്കേണ്ട വെള്ളത്തിന്റെ അളവിലും തീരുമാനമെടുക്കാന്‍ കേരള, തമിഴ്‌നാട് പ്രതിനിധികള്‍ അടങ്ങിയ സംയുക്‌ത സാങ്കേതിക ഓണ്‍ സൈറ്റ് സമിതി രൂപീകരിക്കണം.
അര്‍ധരാത്രിയില്‍ മുന്നറിയിപ്പില്ലാതെ ജലം തുറന്നുവിട്ടത് ജനത്തെ പരിഭ്രാന്തിയിലാക്കി. ശാസ്‌ത്രീയ അടിത്തറയില്ലാത്ത നടപടികളാണ് തമിഴ്‌നാടിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും കേരളം ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവുകള്‍ കൃത്യമായി പാലിക്കണമെന്ന് മേല്‍നോട്ട സമിതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്ന തരത്തില്‍ മേല്‍നോട്ട സമിതി പ്രവര്‍ത്തിക്കണമെന്നും കേരളം സമര്‍പ്പിച്ച അപേക്ഷയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ കേരളം നൽകിയ അനുമതി പുനഃസ്‌ഥാപിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യവും കോടതിക്ക് മുന്നിലെത്തും.
Most Read: ശബരിമല തീർഥാടനം; പമ്പാ സ്‌നാനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി