കൊച്ചി: മുനമ്പത്ത് വള്ളം മറിഞ്ഞു കാണാതായ മൽസ്യത്തൊഴിലാളികൾക്കായി തിരച്ചിൽ തുടരുന്നു. ഏഴ് പേരെയാണ് ഇന്നലെ രാത്രി കാണാതായത്. ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തിയെങ്കിലും നാല് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. കോസ്‌റ്റ്ഗാർഡിന്റേയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും കോസ്‌റ്റൽ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. മൽസ്യത്തൊഴിലാളികളും രംഗത്തുണ്ട്.
മാലിപ്പുറത്ത് നിന്നും മീൻ പിടിക്കാൻ പോയ ‘സമൃദ്ധി’ എന്ന ബോട്ടാണ് മറിഞ്ഞത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയായിരുന്നു സംഭവം. മാലിപ്പുറം സ്വദേശികളായ അപ്പു, താഹ, മോഹനൻ, ആലപ്പുഴ സ്വദേശി രാജു എന്നിവരെയാണ് കാണാതായത്. രക്ഷപ്പെട്ട മൂന്ന് പേരെ ഇന്ന് പുലർച്ചെ ഫോർട്ട്കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിപ്പുറം സ്വദേശികളായ ബൈജു, മണിയൻ, ആലപ്പുഴ സ്വദേശി ആനന്ദൻ എന്നിവരാണ് രക്ഷപ്പെട്ടത്.
വൈകിട്ട് അഞ്ചിന് നടന്ന അപകടത്തിന്റെ വിവരം രാത്രി ഒമ്പത് മണിയോടെയാണ് പുറത്തറിഞ്ഞത്. രാത്രി എട്ടു മണിയോടെ അപകടസ്‌ഥലത്ത് കൂടി കടന്നുപോയ മറ്റൊരു മൽസ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. മുനമ്പത്തു നിന്ന് 10 നോട്ടിക്കൽ മൈൽ അകലെയായിരുന്നു അപകടം. വള്ളത്തിലേക്ക് വെള്ളം ഇരച്ചുകയറിയാണ് അപകടം നടന്നത്.
Most Read| അതിദരിദ്ര കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ബസുകളിൽ സൗജന്യ യാത്ര