പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ ‘കപ്പേള’ എന്ന ചിത്രത്തിന് ശേഷം മുഹമ്മദ് മുസ്‌തഫ സംവിധാനം ചെയ്യുന്ന പുതിയ സിനിമ ‘മുറ’യുടെ റിലീസ് തീയതി പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ചിത്രം അടുത്തമാസം 18ന് തിയേറ്ററുകളിലെത്തും. മുറയുടെ ടീസർ ഇതിനോടകം തന്നെ സോഷ്യൽ മീഡിയകളിൽ തരംഗമായി മാറിയിരുന്നു.
സുരാജ് വെഞ്ഞാറമൂടും യുവനടൻ ഹൃദു ഹാറൂണുമാണ് സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മാലാ പാർവതി, കനി കുസൃതി, കണ്ണൻ നായർ, ജോബിൻ ദാസ്, അനുജിത് കണ്ണൻ, യെദു എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഉപ്പും മുളകും ഫെയിം സുരേഷ് ബാബുവാണ് മുറയുടെ രചന നിർവഹിച്ചിരിക്കുന്നത്.
ക്യാൻ ഫിലിം ഫെസ്‌റ്റിവലിൽ പുരസ്‌കാരം കരസ്‌ഥമാക്കിയ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന് ശേഷം ഹൃദു അഭിനയിക്കുന്ന ചിത്രം കൂടിയാണ് മുറ. ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തുവിട്ടിരുന്നു. തലസ്‌ഥാന നഗരിയുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ടീസർ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമാണ്.
കപ്പേളക്ക് കിട്ടിയ പ്രേക്ഷക പ്രശംസയും അംഗീകാരങ്ങൾക്കും ശേഷം മുസ്‌തഫ ഒരുക്കുന്ന മുറ ഒരു വിഷ്വൽ ട്രീറ്റ് തന്നെ ആയിരിക്കും. റിയാ ഷിബു, എച്ച്ആർ പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് നിർമാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- റോണി സക്കറിയ, ഛായാഗ്രഹണം- ഫാസിൽ നാസർ, എഡിറ്റിങ്- ചമൻ ചാക്കോ, സംഗീത സംവിധാനം- ക്രിസ്‌റ്റി ജോബി, കലാസംവിധാനം- ശ്രീനു കല്ലേലിൽ, മേക്കപ്പ്- റോണക്‌സ് സേവ്യർ, വസ്‌ത്രാലങ്കാരം- നിസാർ റഹ്‌മത്ത്, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, പിആർഒ- പ്രതീഷ് ശേഖർ തുടങ്ങിയവരാണ് സിനിമയുടെ മറ്റു അണിയറ പ്രവർത്തകർ.
Most Read| എംപോക്‌സ്; ലോകത്തെ ആദ്യ വാക്‌സിന് അംഗീകാരം നൽകി ലോകാരോഗ്യ സംഘടന