കാസർഗോഡ് : കോവിഡ് കാലത്ത് ഓൺലൈൻ പഠനത്തിനൊപ്പം വിദ്യാർഥികൾ നടത്തിയ കല്ലുമ്മക്കായ കൃഷിയിൽ വൻ വിജയം. കോവിഡും ലോക്ക്ഡൗണും മൂലം പഠനം ഓൺലൈനാക്കിയതോടെ ബാക്കി വരുന്ന സമയത്താണ് വിദ്യാർഥികൾ കൃഷി ചെയ്യാനുള്ള തീരുമാനത്തിൽ എത്തിയത്. ജില്ലയിലെ പടന്നക്കടപ്പുറം ഗവൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്‌കൂളിലെ എൻഎസ്എസ് യൂണിറ്റിലെ അംഗങ്ങളാണ് കല്ലുമ്മക്കായ കൃഷി നടത്തി മികച്ച വിളവെടുത്തത്.
കൃഷിയിൽ നിന്നുള്ള വരുമാനം രോഗികളെ സഹായിക്കാനും വയോജന സദനങ്ങളിൽ പരിചരണത്തിനും വിനിയോഗിക്കാനാണ് വിദ്യാർഥികൾ തീരുമാനിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ കൃഷി നടത്തുന്ന കവ്വായി കായലിൽ ഇടയിലക്കാട് ബണ്ടിനരികിലാണ് കുട്ടികൾ വിത്തിറക്കിയത്. ബന്ധപ്പെട്ടവരുടെ ഉപദേശത്തോടെയും സഹകരണത്തോടെയുമാണ് കുട്ടികൾ വിത്തിറക്കലും, പരിപാലനവും, വിളവെടുപ്പും നടത്തിയത്.
ചാക്ക് ഒന്നിനു 4600 രൂപ വില നൽകി 2 ചാക്ക് വിത്ത് കൊല്ലത്തു നിന്നു കൊണ്ടുവന്നാണ് കുട്ടികൾ കൃഷിയിറക്കിയത്. 2 ചാക്ക് വിത്തിൽ നിന്നു നൂറിൽപ്പരം കമ്പയിലാണ് വിത്ത് കോർത്തത്. 96 എൻഎസ്എസ് വൊളന്റിയർമാർ കൃഷിയിൽ സജീവമായി പങ്കെടുത്തു. നവംബറിൽ വിത്തിറക്കിയ ശേഷം നാല് മാസങ്ങൾക്കിപ്പുറമാണ് വിളവെടുപ്പ് നടത്തിയത്.
Read also : ഐഫോണ്‍ വിവാദം; വിനോദിനി ബാലകൃഷ്‍ണന് വീണ്ടും നോട്ടീസയച്ച് കസ്‌റ്റംസ്