ന്യൂഡെൽഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എംജി ജോർജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസായിരുന്നു. വെള്ളിയാഴ്‌ച രാത്രി ഡെൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഓർത്തഡോക്‌സ് സഭാ മുൻ ട്രസ്‌റ്റിയായിരുന്നു.
പത്തനംതിട്ടയിലെ കോഴഞ്ചേരിയിൽ മുത്തൂറ്റ് ഫിനാൻസ് സ്‌ഥാപകനായ എം ജോർജ് മുത്തൂറ്റിന്റെ മകനായി 1949 നവംബർ രണ്ടിനാണ് എംജി ജോർജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം നേടി. 1979ൽ കുടുംബ ബിസിനസായ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്‌ടറായി ചുമതലയേറ്റു.
1993ൽ എംജി ജോർജ് മുത്തൂറ്റ് ചെയർമാനായി.സ്‌ഥാനാരോഹണം നടത്തിയ സമയത്ത് സ്വർണ പണയവായ്‌പാ രംഗത്ത് നാല് സംസ്‌ഥാനങ്ങളിലായി 31 ബ്രാഞ്ചുകൾ മാത്രമാണ് ഗ്രൂപ്പിനുണ്ടായിരുന്നത്. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി 5,000 ലേറെ ബ്രാഞ്ചുകളുണ്ട്.
രാജ്യത്തെ ഏറ്റവും വലിയ പലിശവ്യവസായ സ്‌ഥാപനങ്ങളിൽ ഒന്നാണ് ഇന്ന് മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ്. പണയവായ്‌പ കൂടാതെ, ഇരുപതിലേറെ വൈവിധ്യമാർന്ന ബിസിനസ് മേഖലകളിലേക്കും മുത്തൂറ്റിനെ എംജി ജോർജ് നയിച്ചു. ഇന്ത്യൻ ധനികരുടെ ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്‌ഥാനത്തെത്തിയ വ്യക്‌തിയാണ് ജോർജ് മുത്തൂറ്റ്.
ചെയർമാൻ എംജി ജോർജ് മുത്തൂറ്റും സഹോദരൻമാരും 2020ലാണ് ഫോബ്‌സ് പട്ടികയിൽ ഇടം നേടിയത്. 35,500 കോടി രൂപയാണ് (480 കോടി ഡോളർ) മൂന്ന് മുത്തൂറ്റ് സഹോദരൻമാരുടെയും കൂടി ആസ്‌തി. ഫോബ്‌സ് പട്ടികയിൽ 26ആം സ്‌ഥാനത്തായിരുന്നു ഇവർ. 2020ലെ കണക്കുകൾ അനുസരിച്ച് കേരളത്തിലെ എറ്റവും സമ്പന്നനായ വ്യക്‌തിയാണ് ഇദ്ദേഹം.
ന്യൂഡൽഹിയിലെ സെന്റ് ജോർജ്‌സ് ഹൈസ്‌കൂൾ ഡയറക്‌ടർ സാറ ജോർജ് മുത്തൂറ്റാണ് ഭാര്യ. മുത്തൂറ്റ് ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ജോർജ് എം. ജോർജ്, ഗ്രൂപ്പ് ഡയറക്‌ടർ അലക്‌സാണ്ടർ ജോർജ്, പരേതനായ പോൾ മുത്തൂറ്റ് ജോർജ് എന്നിവരാണ് മക്കൾ.
Read also: വീറോടെ കർഷകർ; രാജ്യത്ത് കർഷക സമരം നൂറാം ദിനത്തിലേക്ക്