പത്തനംതിട്ട: റോബിൻ ബസിനെതിരെ നടപടി കടുപ്പിച്ചു മോട്ടോർ വാഹനവകുപ്പ്. തുടർച്ചയായി പെർമിറ്റ് ലംഘിച്ചു സർവീസ് നടത്തിയെന്ന് ആരോപിച്ചു റോബിൻ ബസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ ഒരുമണിക്ക് കോയമ്പത്തൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് മടങ്ങിയെത്തിയപ്പോഴാണ് വൻ പോലീസ് സന്നാഹത്തോടെ എംവിഡി ഉദ്യോഗസ്‌ഥർ ബസ് പിടിച്ചെടുത്തത്. പിന്നാലെ ബസ് പത്തനംതിട്ട പോലീസ് ക്യാമ്പിലേക്ക് മാറ്റി.
ഇതിന് പുറമെ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഉദ്യോഗസ്‌ഥർ സ്വീകരിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ എരുമേലിക്ക് സമീപത്തുവെച്ചും ബസിന് 7500 രൂപ പിഴചുമത്തിയിരുന്നു. ഹൈക്കോടതി ഉത്തരവ് തുടർച്ചയായി ലംഘിക്കും വിധം പെർമിറ്റ് ലംഘനം കാട്ടിയതിണ് ബസ് പിടിച്ചെടുത്തത്. ഇതിനു പുറമെ നിയമലംഘനത്തിന് ആഹ്വാനം ചെയ്‌ത വ്‌ളോഗർമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കാൻ നീക്കമുണ്ട്. അതേസമയം, കോടതി ഉത്തരവ് ലംഘിച്ച ഉദ്യോഗസ്‌ഥരുടെ നടപടി അന്യായമാണെന്ന് ബസ് നടത്തിപ്പുകാർ പറഞ്ഞു.
ഇന്നലെ പുലർച്ചെയും റോബിൻ ബസിനു മോട്ടോർ വാഹനവകുപ്പ് പിഴ ചുമത്തിയിരുന്നു. 7500 രൂപയാണ് പിഴയിട്ടത്. കഴിഞ്ഞ ദിവസം മോട്ടോർ വാഹനവകുപ്പിന്റെ തടസങ്ങൾ ഇല്ലാതെയാണ് റോബിൻ ബസ് പത്തനംതിട്ട-കോയമ്പത്തൂർ സർവീസ് നടത്തിയത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബസിൽ യാത്രക്കാരായി ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ ഒരുലക്ഷത്തോളം രൂപ പിഴയടച്ചാണ് ബസ് പുറത്തിറക്കിയത്. എന്നാൽ, കേരളത്തിൽ ബസുടമകൾ പിഴയടച്ചിട്ടില്ല.
Related News| സ്‌റ്റേ നിലനിൽക്കെ അതിർത്തി നികുതി പിരിവ്; തമിഴ്‌നാടിന് സുപ്രീം കോടതി നോട്ടീസ്