തിരുവനന്തപുരം: വനംമന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ നടപടികൾ ശക്‌തമാക്കി എൻസിപി. മന്ത്രിമാറ്റ ചർച്ചകൾ സജീവമായിരിക്കെ, മന്ത്രിസ്‌ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രൻ സ്വീകരിച്ചതോടെ പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമായി. പാർട്ടി തീരുമാനത്തോട് ശശീന്ദ്രൻ ഇതുവരെ വഴങ്ങിയിട്ടില്ല.
സമ്മർദ്ദത്തിന് വഴങ്ങാൻ തയ്യാറാകാത്ത എകെ ശശീന്ദ്രൻ മന്ത്രി സ്‌ഥാനത്ത് നിന്ന് നീക്കിയാൽ എംഎൽഎ സ്‌ഥാനം രാജിവെക്കുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പ്രശ്‌ന പരിഹാരത്തിനായി കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തും. ദേശീയ അധ്യക്ഷൻ ശരത് പവാറുമായും കൂടിക്കാഴ്‌ച നടത്താനും നീക്കമുണ്ട്.
പാർട്ടിയിലെ പ്രശ്‌നങ്ങളും ചർച്ചകളും സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ശശീന്ദ്രന് പകരം കുട്ടനാട് എംഎൽഎ തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് പിസി ചാക്കോയുടെ നിലപാട്. എന്നാൽ, മന്ത്രിസ്‌ഥാനം എൻസിപിയുടെ ആഭ്യന്തര കാര്യമാണെന്നാണ് മുഖ്യമന്ത്രി ചാക്കോയെ അറിയിച്ചത്.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ശശീന്ദ്രന് പകരം, തന്നെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി തോമസ് കെ തോമസ് പാർട്ടിയിൽ കലാപം തുടങ്ങിയിരുന്നു. ഇതോടെ, രണ്ടരവർഷം കഴിഞ്ഞ് മാറണമെന്ന ഉപാധി വെച്ചു. അതിനും ശശീന്ദ്രൻ വഴങ്ങിയില്ല. സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയുടെയും മുതിർന്ന നേതാക്കളുടെയും പിന്തുണയായിരുന്നു ശശീന്ദ്രന്റെ പിടിവള്ളി.
എന്നാൽ, അടുത്തിടെ ശശീന്ദ്രൻ ക്യാംപിനെ ഞെട്ടിച്ച് തോമസ് കെ തോമസുമായി പിസി ചാക്കോ അടുക്കുകയായിരുന്നു. ഇതോടെയാണ്, തോമസ് കെ തോമസ് മന്ത്രി സ്‌ഥാനത്തിന് വേണ്ടിയുള്ള നീക്കം കടുപ്പിച്ചത്. ഭൂരിപക്ഷം ജില്ലാ അധ്യക്ഷൻമാരുടെ പിന്തുണ കൂടി നേടിയാണ് തോമസിന്റെ ശശീന്ദ്രനെതിരായ പടയൊരുക്കം.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്