നീലേശ്വരം വികസനം; സർവകക്ഷി സംഘം കൂടുതൽ ഇടപെടൽ നടത്തും -പിപി മുഹമ്മദ് റാഫി

'ഏത് വികസന പദ്ധതിയും സമയമെടുത്ത് മാത്രമേ യാഥാർഥ്യമാക്കാൻ കഴിയുകയുള്ളൂ. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വികസനം യാഥാർഥ്യമായി കാണണം എന്നാണ് പുതു തലമുറയുടെ ആഗ്രഹം, അതിന് അവരെ കുറ്റം പറയുവാൻ കഴിയില്ല, അത്തരം ചുറ്റുപാടിലാണ് അവർ ജീവിക്കുന്നത്.'

By Central Desk, Malabar News
Neeleswaram Vice-Chairman PP Muhammed Rafi
പിപി മുഹമ്മദ് റാഫി (നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ)
Ajwa Travels

കാസർഗോഡ്: നീലേശ്വരം താലൂക്കിന്റെ ആവശ്യങ്ങൾ സംസ്‌ഥാന സർക്കാറിന് മുന്നിൽ നേരിട്ട് അവതരിപ്പിക്കുന്നതിന് സർവകക്ഷി സംഘത്തെ തിരുവനന്തപുരത്തേക്ക് അയക്കുമെന്ന് മുതിർന്ന സിപിഎം നേതാവും നീലേശ്വരം നഗരസഭാ വൈസ് ചെയർമാനുമായ പിപി മുഹമ്മദ് റാഫി അറിയിച്ചു.

വർഷങ്ങൾ പഴക്കമുള്ള പൊതുജന ആവശ്യമായ നീലേശ്വരം താലൂക്ക് എത്രയും വേഗം യാഥാർഥ്യമാക്കണം. നാലോളം കമ്മീഷനുകൾ നീലേശ്വരം താലൂക്ക് വേണ്ടതിന്റെ പ്രധാന്യം സർക്കാരിനെ അറിയിച്ചതാണ്. താലൂക്കിന് വേണ്ടി സർക്കാറിൽ ശക്‌തമായ സമ്മർദ്ദം ചെലുത്തും -മുഹമ്മദ് റാഫി വ്യക്‌തമാക്കി.

ഇദ്ദേഹം തുടർന്നു; പൊതുജനത്തിന്റെ വിമർശനങ്ങൾ ഭരണസമിതി പൂർണമനസോടെ ഉൾക്കൊള്ളുന്നു. ഭരണാധികാരികളെ വിമർശിക്കാൻ ജനങ്ങൾക്ക് അധികാരമുണ്ട്. ഭരണസമിതിയിലുള്ള പ്രതീക്ഷയാണ് വിമർശനങ്ങൾ. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ നിരവധി വികസന പ്രവർത്തികൾ നീലേശ്വരത്ത് പൂർത്തിയാകും. പുരോഗതി എന്ന് പറഞ്ഞാൽ കെട്ടിടങ്ങളാണെന്ന കാഴ്‌ചപ്പാട്‌ നഗരസഭക്കില്ല.

വിദ്യാഭ്യാസ മേഖല, ആരോഗ്യ മേഖല, ക്ഷേമ പ്രവർത്തനങ്ങൾ, കാർഷിക മേഖലയുടെ അഭിവൃദ്ധി ഇവയെല്ലാം ചേരുമ്പോഴാണ് വികസനം, അഥവാ പുരോഗതി യാഥാർഥ്യമാകുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ വലിയ മാറ്റങ്ങൾ നീലേശ്വരത്ത് കാണാൻ സാധിക്കുന്ന രീതിയിലാണ് വികസന പ്രവർത്തനങ്ങൾ അസൂത്രണം ചെയ്‌തിരിക്കുന്നത്‌.

PP Muhammed Rafi on Neeleswaram Development നഗരകേന്ദ്രീകൃത വികസനമാണ് നഗരസഭാ ലക്ഷ്യമാക്കുന്നത്. വികസനത്തിൽ നഗരസഭ പ്രഥമ പരിഗണന നൽകുന്നത് രാജ റോഡ് പുനരുദ്ധാരണത്തിനാണ്. നഗരസഭക്ക് മുന്നിൽ പ്രഥമ പരിഗണയിലുള്ള ഒന്നാണ് രാജ റോഡ്. കച്ചേരികടവ് പാലം റോഡിന്റെയും രാജ റോഡ് നവീകരണത്തിന്റെയും പ്രവർത്തികൾ പുരോഗമിക്കുകയാണ്. കച്ചേരിക്കടവ് പാലത്തിന്റെ സാങ്കേതിക പ്രശ്‌നങ്ങൾ പരിഹരിച്ചു കഴിഞ്ഞു. കച്ചേരികടവ് പാലം ടെണ്ടർ അടുത്ത ദിവസം നടക്കും. പാലം യാതാർഥ്യമായാൽ നിടുങ്ങണ്ട മുതൽ മെയിൻ ബസാർ വരെ പുതിയ ടൗൺ ഷിപ്പ് സൃഷ്‌ടിക്കപ്പെടും.

നഗരത്തിൽ ടൗൺ ബസ്‌സ്‌റ്റാന്റിന് പുറമെ ദേശീയ പാതയുടെ അരികിലും പുതിയ ബസ്‌സ്‌റ്റാന്റ് നിർമിക്കേണ്ടതുണ്ട്. ദേശീയ പാതയുടെ അരികിൽ ബസ്‌സ്‌റ്റാന്റ് നിർമിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്, അത് വേഗത്തിൽ യാഥാർഥ്യമാക്കണം. ഇതിന് പ്രധാന വെല്ലുവിളി സ്‌ഥല ലഭ്യതയാണ്. അത് മറികടക്കാൻ നമുക്ക് കഴിയും.

PP Muhammed Rafi on Neeleswaram Development

ഏത് വികസന പദ്ധതിയും സമയമെടുത്ത് മാത്രമേ യാഥാർഥ്യമാക്കാൻ കഴിയുകയുള്ളൂ. കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ വികസനം യാഥാർഥ്യമായി കാണണം എന്നാണ് പുതു തലമുറയുടെ ആഗ്രഹം, അതിന് അവരെ കുറ്റം പറയുവാൻ കഴിയില്ല, അത്തരം ചുറ്റുപാടിലാണ് അവർ ജീവിക്കുന്നത് -മുഹമ്മദ് റാഫി പറഞ്ഞു.

നീലേശ്വരം നഗരസഭയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. പാലായി ഷട്ടർ-കം-ബ്രിഡ്‌ജ്‌ യാഥാർഥ്യമായതോടെ ബ്രിഡ്‌ജിന്റെ കിഴക്ക് ഭാഗത്ത് വലിയ രീതിയിൽ ശുദ്ധ ജലം സംഭരിക്കപ്പെട്ടിട്ടുണ്ട്. പാലാഴി മുതൽ അഴിത്തല വരെയുള്ള തീരദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ഈ വെള്ളത്തിന് കഴിയും.

PP Muhammed Rafi on Neeleswaram Developmentനീലേശ്വരം കൂടാതെ ചെറുവത്തുർ, കയ്യൂർ ചീമേനി ഗ്രാമ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്‌നവും ഇതുവഴി പരിഹരിക്കാൻ കഴിയും. കേന്ദ്ര, സംസ്‌ഥാന സർക്കാറുകൾ സഹായിച്ചാൽ പാലായി കേന്ദ്രീകരിച്ച് ബൃഹത്തായ കുടിവെള്ള പദ്ധതി യാഥാർഥ്യമാക്കാൻ കഴിയും -ഇദ്ദേഹം വിശദീകരിച്ചു.

2021 ബജറ്റിൽ സർക്കാർ അനുവദിച്ച മിനി സിവിൽ സ്‌റ്റേഷന്റെ പ്രവൃത്തികൾ ഈ വർഷം തന്നെ തുടക്കം കുറിക്കും. നിർമാണം പൂർത്തിയായാൽ സ്‌ഥല സൗകര്യമില്ലാത്ത കാരണം നീലേശ്വരത്ത് നിന്നും മറ്റ് സ്‌ഥലങ്ങളിലേക്ക് പോയ സർക്കാർ ഓഫീസുകൾ തിരികെ കൊണ്ട് വരും. നഗരസഭയുടെ തനത് ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന നഗരസഭ കാര്യാലയം ഉടൻ തുറക്കും.

PP Muhammed Rafi on Neeleswaram Development

കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് നീലേശ്വരത്ത് ഫയർ സ്‌റ്റേഷൻ നിർമിക്കുന്നതിന് ചിറപ്പുറത്ത് ആഭ്യന്തര വകുപ്പ് സ്‌ഥലപരിശോധന നടത്തിയിരുന്നു, എന്നാൽ ഇതുവരെ തുടർനടപടി ഉണ്ടായില്ല. ഫയർ സ്‌റ്റേഷൻ യാഥാർഥ്യമാക്കുന്നതിന് ഭരണസമിതി മുൻകൈയെടുക്കും. ഹോസ്‌ദുർഗ് ആർടിഎ ഓഫീസ് വിഭജിച്ച് നീലേശ്വരത്ത് പുതിയ ആർടിഎ ഓഫീസ് ആരംഭിക്കേണ്ടതുണ്ട്. ഇതിന് ആവശ്യമായ ശ്രമം ഭരണസമിതി നടത്തും. കോട്ടപ്പുറത്ത് നിർമിക്കുന്ന മിനി ടൗൺ ഹാൾ നിർമാണം പൂർത്തിയാക്കി മെയ് മാസത്തിൽ പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കും.

ടൂറിസം മേഖലയിൽ നിരവധി പദ്ധതികൾ നീലേശ്വരത്ത് യാഥാർഥ്യമാക്കേണ്ടതുണ്ട്. അഴിത്തലയിലും കോട്ടപ്പുറത്തും പാലയിലും നഗരസഭ മുൻകൈ എടുത്ത് പുതിയ ടൂറിസം പദ്ധതികൾ യാഥാർഥ്യമാക്കും. സംസ്‌ഥാന സർക്കാർ നീലേശ്വരത്ത് പ്രഖ്യാപിച്ച കല്ലളൻ വൈദ്യർ സ്‌മാരകത്തിന് ചിറപ്പുറത്ത് ഒരേക്കർ സ്‌ഥലം നഗരസഭ അനുവദിച്ചിട്ടുണ്ട്. നിർമാണം വേഗത്തിൽ ആരംഭിക്കും.

PP Muhammed Rafi on Neeleswaram Development

നീലേശ്വരത്ത് അനുവദിച്ച ലോകോളജ് പാലായി സർവകലാശാല ഓഫ് കാമ്പസിന് സമീപം പണിയും. സ്വന്തമായി കെട്ടിടം നിർമിക്കുന്നതിന് മുൻപ് ക്ളാസ് ആരംഭിക്കുന്നതിന് ആവശ്യമായ സ്‌ഥലസൗകര്യം നഗരസഭ ഒരുക്കും.

കോട്ടപ്പുറം കടിഞ്ഞിമൂല, മുണ്ടേമാട് പാലങ്ങൾ ഈ വർഷം നിർമാണം ആരംഭിക്കും.
നഗരസഭ നിരവധി പദ്ധതികൾ സർക്കാറിന് മുന്നിൽ സമർപ്പിച്ചിട്ടുണ്ട്, പുതിയ സർക്കാർ സ്‌ഥാപനങ്ങളും ഓഫീസുകളും നീലേശ്വരത്ത് കൊണ്ട് വരാനുള്ള ശ്രമത്തിലാണ് ഭരണസമിതി. കോട്ടപ്പുറത്ത് പുതിയ സർക്കാർ ആശുപത്രിയും അഴിത്തലയിൽ ലൈറ്റ് ഹൗസും യാഥാർഥ്യമാക്കണം -പിപി മുഹമ്മദ് റാഫി വിശദീകരിച്ചു.

Most Read: ശ്വാസകോശ അർബുദം; തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE