ലുസെയ്ൻ: ലുസെയ്ൻ ഡയമണ്ട് ലീഗ് ജാവലിൻത്രോയിൽ വിജയക്കുതിപ്പ് തുടർന്ന് ഇന്ത്യയുടെ ഗോൾഡൻ ബോയ്. ലോക അത്‌ലറ്റിക്‌സിലെ ‘നീരജ് ചോപ്ര’ എന്ന വിജയസമവാക്യത്തെ അട്ടിമറിക്കാൻ ഇത്തവണയും എതിരാളികൾക്കായില്ല. ലുസെയ്ൻ ഡയമണ്ട് ലീഗിൽ ജാവലിൻത്രോയിൽ 87.66 മീറ്റർ എറിഞ്ഞാണ് നീരജ് ചോപ്ര ഒന്നാം സ്‌ഥാനം നിലനിർത്തിയത്.
ഡയമണ്ട് ലീഗിൽ നിലവിലെ ചാമ്പ്യനായ നീരജ്, ഈ സീസണിലെ തുടർച്ചയായ രണ്ടാം മൽസരത്തിലാണ് ഒന്നാം സ്‌ഥാനം നേടുന്നത്. ജർമനിയുടെയും ചെക്ക് റിപ്പബ്‌ളിക്കിന്റെയും താരങ്ങളെ പിന്നിലാക്കിയാണ് നീരജിന്റെ കുതിപ്പ്. പരിക്കിനെ തുടർന്ന് ഒരുമാസത്തെ ഇടവേളക്ക് ശേഷം മൽസരക്കളത്തിലേക്ക് തിരിച്ചെത്തിയ നീരജ് എതിരാളികളുടെ കടുത്ത പോരാട്ടത്തെ അതിജീവിച്ചാണ് വിജയം കൈവരിച്ചത്.
രണ്ടാം സ്‌ഥാനം നേടിയ ജർമനിയുടെ ജൂലിയൻ വെബറും(87.03 മീറ്റർ), മൂന്നാം സ്‌ഥാനം നേടിയ ചെക്ക് റിപ്പബ്‌ളിക്കിന്റെ യാക്കൂബ് വാൽഡെജും(86.13 മീറ്റർ) അവസാന നിമിഷം വരെ നീരജിന് വെല്ലുവിളിയുയർത്തി. ഫൗളിലൂടെ തുടങ്ങിയ നീരജ് രണ്ടാം ശ്രമത്തിൽ 8.35 മീറ്റർ പിന്നിട്ടു. മൂന്നാം ഊഴത്തിൽ 85.04 മീറ്റർ എറിഞ്ഞു രണ്ടാം സ്‌ഥാനത്തെത്തിയ നീരജ്, തന്റെ അഞ്ചാം ഊഴത്തിലെ 87.66 മീറ്റർ പ്രകടനത്തോടെയാണ് ഒന്നാം സ്‌ഥാനം നേടിയത്.
അതേസമയം, ലോങ്‌ജംപിൽ കഴിഞ്ഞ മാസം നടന്ന ദേശീയ മീറ്റിൽ 8.41 മീറ്റർ പിന്നിട്ട മലയാളി താരം എം ശ്രീശങ്കറിന് ഇന്നലെ മികച്ച പ്രകടനം കാഴ്‌ചവെക്കാനായില്ല. ഒരു തവണപോലും ശ്രീശങ്കറിന് 8 മീറ്റർ പിന്നിടാനായില്ല. മൂന്നാം ശ്രമത്തിൽ ചാടിയ 7.88 മീറ്ററായിരുന്നു ശ്രീശങ്കറിന്റെ മികച്ച പ്രകടനം. 8.11 മീറ്റർ ചാടിയ ബഹ്‌റൈനിന്റെ നയീൻ ലാക്വാൻ ഒന്നാം സ്‌ഥാനവും ഒളിമ്പിക് ചാമ്പ്യനായ ഗ്രീസിന്റെ മിൽത്തിയാദിസ് തെന്റഗ്രൂ(8.07 മീറ്റർ) രണ്ടാം സ്‌ഥാനവും നേടി. നിലവിൽ അഞ്ചാം സ്‌ഥാനത്താണ് ശ്രീശങ്കർ.
Most Read: ഏക സിവിൽ കോഡ്; ബിജെപിയുടെ തിരഞ്ഞെടുപ്പ് അജണ്ടയെന്ന് മുഖ്യമന്ത്രി