പാറ്റ്‌ന: ജയിലില്‍ കഴിയുന്ന ആര്‍ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് നവംബര്‍ 9ന് ജാമ്യത്തില്‍ ഇറങ്ങുമെന്നും അടുത്ത ദിവസം തന്നെ നിതീഷ് കുമാറിന് മുഖ്യമന്ത്രി പദത്തില്‍ നിന്ന് വിരമിക്കാമെന്നും മഹാസഖ്യം മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി തേജസ്വി യാദവ്. തേജസ്വിയുടെ പിതാവും മുതിര്‍ന്ന ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് അഴിമതിക്കേസില്‍ ജയിലിലാണ്. ഒരു കേസില്‍ ജാമ്യം ലഭിച്ചുവെങ്കിലും മറ്റൊന്നില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനാല്‍ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല.
‘ലാലുജി നവംബര്‍ ഒന്‍പതിന് എത്തും. ശേഷം നിതീഷിന്റെ യാത്രയയപ്പാണ്’. തേജസ്വി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കൊപ്പം മഹാസഖ്യത്തിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കുകയായിരുന്നു തേജസ്വി യാദവ്. ബിഹാര്‍ ജനതക്ക് വേണ്ടി തന്റെ ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ 10 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും തേജസ്വി പറഞ്ഞു.
പതിനഞ്ച് വര്‍ഷമായി നിങ്ങള്‍ക്ക് ജോലിയോ വിദ്യാഭ്യാസമോ ആരോഗ്യ സംവിധാനങ്ങളോ നല്‍കാത്ത ഒരു സര്‍ക്കാര്‍ ഇനിയും ഭരണം തുടരാന്‍ നിങ്ങള്‍ ജനങ്ങള്‍ അനുവദിക്കരുതെന്ന് തേജസ്വി പറഞ്ഞു. ഭോജ്‌പുരിയില്‍ ലാലുവിന്റെ ജനപ്രിയശൈലി കടമെടുത്ത് സംസാരിച്ച തേജസ്വി പ്രധാനമന്ത്രിക്കെതിരെയും ശബ്‌ദമുയര്‍ത്തി. ബിഹാറിന്റെ പ്രത്യേക പദവിയും പ്രത്യേക പാക്കേജും എപ്പോള്‍ ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്‌തമാക്കണമെന്ന് തേജസ്വി ആവശ്യപ്പെട്ടു.
Read also: മോദി തലകുനിക്കുന്നത് അംബാനിക്കും അദാനിക്കും മുന്‍പില്‍; രാഹുല്‍ ഗാന്ധി