തിരുവനന്തപുരം: സംസ്‌ഥാനത്ത് എസ്എസ്എൽസി, പ്ളസ് ടു പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടക്കുമെന്ന് വ്യക്‌തമാക്കി വിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി. കൂടാതെ എസ്എസ്എൽസി പരീക്ഷകൾക്ക് ഫോക്കസ് ഏരിയ നിശ്‌ചയിച്ചതായി മന്ത്രി അറിയിച്ചു. പരീക്ഷകൾ മുൻ നിശ്‌ചയിച്ച പ്രകാരം തന്നെ നടത്താനും, 10,11,12 ക്‌ളാസുകൾ സ്‌കൂളുകളിൽ തന്നെ തുടരാനുമാണ് തീരുമാനമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് സാഹചര്യത്തിൽ ഒന്ന് മുതൽ ഒൻപതാം ക്‌ളാസ് വരെയുള്ള വിദ്യാർഥികൾക്ക് ഓൺലൈൻ ക്‌ളാസുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അൺഎയ്ഡഡ് സ്‌കൂളുകൾക്കും, സിബിഎസ്ഇ സ്‌കൂളുകൾക്കും ഇത് ബാധകമായിരിക്കും. രണ്ടാഴ്‌ചത്തേക്കാണ് ഓൺലൈൻ ക്‌ളാസുകൾ നടത്തുക. കൂടാതെ 10,11,12 ക്‌ളാസുകളിലെ വിദ്യാർഥികൾക്ക് സ്‌കൂളുകളിൽ തന്നെ ക്‌ളാസുകൾ തുടരുന്നതിനാൽ ഇപ്പോഴുള്ള കോവിഡ് മാർഗരേഖ പരിഷ്‌കരിക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
വിദ്യാർഥികൾക്ക് കോവിഡ്, ഒമൈക്രോൺ രോഗങ്ങൾ വരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ക്ളാസുകൾ ഓൺലൈനാക്കുന്നത്. വിദഗ്‌ധരിൽ പലരും സ്‌കൂളുകൾ അടക്കേണ്ടെന്ന നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും, പരീക്ഷണത്തിന് തയ്യാറല്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചതെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ വിക്റ്റേഴ്സ് ചാനൽ വഴി ഓൺലൈൻ, ഡിജിറ്റൽ ക്ളാസുകൾ പുതിയ ടൈംബിൾ അനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിൾ പുനക്രമീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Read also: അട്ടപ്പാടി മധു വധക്കേസ്; സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ സ്‌ഥാനം ഒഴിഞ്ഞേക്കും