അവിശ്വാസപ്രമേയ ചർച്ച ; സ്കോർലൈനിൽ അനിശ്ചിതത്വം, കൊണ്ടും കൊടുത്തും ഇരുമുന്നണികൾ

By Desk Reporter, Malabar News
Niyamasabha report_2020 Aug 24
Ajwa Travels

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ നേരിടുന്ന ആദ്യ അവിശ്വാസപ്രമേയത്തിന്റെ ചർച്ചയിൽ ഇരുമുന്നണികളും പരസ്പരം കൊണ്ടും കൊടുത്തും സഭയെ പ്രക്ഷുബ്ദമാക്കി. ഉച്ചയോടെ ആരംഭിച്ച ചർച്ചയിൽ ചോദ്യങ്ങളും മറുപടികളുമായി യുവ പോരാളികളും മുതിർന്ന നേതാക്കളും കളം നിറഞ്ഞുനിന്നു. പ്രതിപക്ഷത്ത് നിന്ന് വി.ഡി സതീശനാണ് ആരോപണങ്ങൾക്ക് തിരികൊളുത്തിയത്.

യൂണിടാകുമായുള്ള കരാറിൽ ഒൻപതര കോടിയുടെ കമ്മീഷനാണ് നൽകിയതെന്നും ബെവ്‌കോ അഴിമതിയുടെ പിന്നിലും അതേ വ്യക്തികൾ തന്നെയായിരുന്നു എന്നും സതീശൻ ആരോപണം ഉന്നയിച്ചു. പിന്നാലെ ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളും പിടി തോമസുമടക്കം തുടർച്ചയായ ആരോപണങ്ങളുമായെത്തി. ഭരണപക്ഷത്തു നിന്ന് കെ.ബി. ഗണേഷ് കുമാർ തന്റെ സ്ഥിരം ശൈലിയിലാണ് ഇതിനെ പ്രതിരോധിച്ചത്. വി.ഡി സതീശന്റെ അവിശ്വാസപ്രമേയ അവതരണത്തിൽ ഒട്ടും ആത്മാർത്ഥതയില്ലായെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി. പി.ടി തോമസ് അടക്കമുള്ളവരും ഗണേഷിന്റെ പരിഹാസത്തിനിരയായി.

പ്രതിപക്ഷനേതാവും വിമർശനങ്ങളുമായി രംഗത്തെത്തിയതിന് പിന്നാലെ ഭരണപക്ഷത്തിന്റെ നാവായി എം. സ്വരാജ് കടിഞ്ഞാൺ ഏറ്റെടുത്തു. തന്റെ 10 മിനിറ്റിലധികം നീണ്ടുനിന്ന പ്രസംഗത്തിൽ നനഞ്ഞ പടക്കം എന്നാണ് അവിശ്വാസപ്രമേയത്തെ സ്വരാജ് വിശേഷിപ്പിച്ചത്. അക്ഷരാർത്ഥത്തിൽ സഭയെ ഇളക്കിമറിച്ച സ്വരാജ് തന്റെ വാക് ചാതുര്യം കൊണ്ടാണ് കൈയടി നേടിയത്.

എന്നാൽ പ്രതിപക്ഷം വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല, കൃത്യമായ ഇടവേളകളിൽ ആരോപണങ്ങൾ ഉന്നയിച്ച് അവർ ചർച്ച സജീവമാക്കി. താൻ 81 വിദേശയാത്രകൾ നടത്തിയെന്ന ജെയിംസ് മാത്യുവിന്റെ ആരോപണത്തിന് കടുത്ത ഭാഷയിലാണ് വിഡി സതീശൻ മറുപടി നൽകിയത്.

എം.കെ മുനീറും ആരോഗ്യമന്ത്രി കെ.കെ ശൈലജയും തമ്മിൽ പിപിഇ കിറ്റിന്റെ പേരിലുണ്ടായ വാക്പോരാട്ടവും ശ്രദ്ധപിടിച്ചുപറ്റി. മാർക്കറ്റിൽ വെറും 300 രൂപക്ക് ലഭിക്കുന്ന കിറ്റാണ് സർക്കാർ 1550 രൂപക്ക് വാങ്ങിയതെന്നായിരുന്നു മുനീറിന്റെ ആരോപണം. എന്നാൽ താങ്കളൊരു ഡോക്ടറല്ലേ എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ തിരിച്ചുള്ള ചോദ്യം. പിന്നീട് കണക്കുകൾ നിരത്തി മന്ത്രി തന്റെ വാദങ്ങൾ നിരത്തി.

ഇതിനിടയിൽ സഭക്ക് നർമ്മത്തിന്റെ മേമ്പൊടി നൽകി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും പിജെ ജോസഫും അൽപ്പനേരം അന്തരീക്ഷത്തിന്റെ ചൂട് കുറച്ചു. സംസ്ഥാനത്തെ മത്സ്യകൃഷി വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിക്കുമ്പോഴായിരുന്നു സംഭവം.

സംസാരിക്കുന്നതിനിടെ പ്രതിപക്ഷ നേതാവിനെ നോക്കി മുഖ്യമന്ത്രിയാണ് ആദ്യം തമാശ പറഞ്ഞത്. പ്രതിപക്ഷ നേതാവ് മത്സ്യം കഴിക്കാത്തതിനാൽ ശ്രദ്ധിക്കുന്നില്ലയെന്ന് മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞു. ഇതിന് മറുപടിയുമായി ചെന്നിത്തലയും എത്തിയതോടെ രംഗം കൊഴുത്തു. പിന്നാലെ പിജെ ജോസഫിലെ ക്ഷീര കർഷകനും പുറത്തുവന്നു. പശു വളർത്തലിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലെന്ന ജോസഫിന്റെ പരാതിയാണ് സഭയിൽ ചിരി പടർത്തിയത്.

മുഖ്യമന്ത്രിയോട് സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടാൽ ഇടിവെട്ടിൽ നഷ്ടപ്പെട്ടുപോയെന്ന് പറയുമെന്ന പരിഹാസവുമായി ചെന്നിത്തലയുടെ ഉള്ളിലെ  കോൺഗ്രസ്സുകാരൻ അധികം വൈകാതെ തിരിച്ചെത്തി. പിന്നീട് പരസ്പരം ആരോപണപ്രത്യാരോപണങ്ങളുടെ ബഹളമായിരുന്നു സഭയിൽ. വഴിയോര പാതകളില്‍ വിശ്രമകേന്ദ്രം അനുവദിക്കുന്നതില്‍ അഴിമതിയുണ്ടെന്നാരോപിച്ച രമേശ് ചെന്നിത്തലക്ക് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ സമയമെടുത്ത് മറുപടി നൽകി. ചെന്നിത്തലയുടെ ആരോപണങ്ങളുടെ ഞാണ് പൊട്ടിയെന്നും അമ്പൊടിഞ്ഞെന്നുമാണ് കവി കൂടിയായ സുധാകരൻ മറുപടി നൽകിയത്.

പ്രതിപക്ഷം നിലവിലുള്ള ആരോപണങ്ങൾ ഓരോന്നായി ഉന്നയിക്കുമ്പോൾ മുൻ സർക്കാരിന്റെ കാലത്തെ അഴിമതിക്കഥകൾ ഓർമിപ്പിച്ചാണ് ഭരണപക്ഷം അതിനെ നേരിട്ടത്. ഒപ്പം ഈ സർക്കാരിന്റെ ഭരണനേട്ടങ്ങളും അവർ എണ്ണി പറഞ്ഞു.

ഒടുവിൽ മുഖ്യമന്ത്രിയുടെ വിശദീകരണവും വന്നു. പ്രതിപക്ഷത്തിന് അവരിൽ തന്നെയാണ് അവിശ്വാസമെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. ആരിലാണ് അവിശ്വാസം, എന്തിനാണ്, കോൺഗ്രസ് അടിത്തറക്കുമേൽ മേൽ‌ക്കൂര നിലംപൊത്തിയ കെട്ടിടം പോലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് അടിമുടി ബിജെപിയാകാൻ കാത്തിരിക്കുന്ന കൂട്ടമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.

ജനങ്ങൾക്ക്‌ സർക്കാരിൽ വിശ്വാസമുണ്ടെന്നും അതുകൊണ്ടാണ് അധികാരത്തിൽ വരുമ്പോൾ 91 സീറ്റുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ 93 ഉള്ളതെന്നും മുഖ്യമന്ത്രി കൂട്ടിചേർത്തു. ഈ സർക്കാരിന്റെ വാഗ്ദാനങ്ങളിൽ പറയുന്ന 600 പദ്ധതികളിൽ ഇനി 30 എണ്ണം മാത്രമേ ബാക്കിയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE