ചികിൽസക്ക് പണമില്ല; പുഴുവരിച്ച് കിടന്ന മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം

By News Desk, Malabar News
Ajwa Travels

പ്രയാഗ്‌രാജ്: യുപിയിൽ തുടർ ചികിൽസക്ക് പണമില്ലാത്ത കാരണം മൂന്നുവയസുകാരി ആശുപത്രിക്ക് പുറത്ത് പുഴുവരിച്ച് മരിച്ചു. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെ കുട്ടിയുടെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ദേശീയ ശിശു അവകാശ സംഘടന രംഗത്തെത്തി. ഓപ്പറേഷൻ ചെയ്‌ത മുറിവുകൾ തുന്നിക്കെട്ടാതെ തുറന്നിടുകയും ആശുപത്രി ജീവനക്കാർ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതും കുട്ടിക്ക് അണുബാധയുണ്ടാകാൻ കാരണമായെന്നും പിന്നീട് മരണത്തിലേക്ക് നയിച്ചെന്നും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച് കഴിഞ്ഞു. പ്രയാഗ്‌രാജിലെ യുണൈറ്റഡ് മെഡിസിറ്റി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്. ചികിൽസക്കായി അഞ്ച് ലക്ഷം രൂപ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടെന്നും പണം നൽകാൻ കഴിയാതെ വന്നപ്പോൾ ഓപ്പറേഷൻ ചെയ്‌ത മുറിവുകൾ തുന്നിക്കെട്ടാതെ കുട്ടിയെ ഡിസ്‌ചാർജ് ചെയ്യുകയും ആയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു.

ഫെബ്രുവരി 16നാണ് പെൺകുട്ടിയെ യുണൈറ്റഡ് മെഡിസിറ്റിയിൽ ചികിൽസക്കായി പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിയെ ഓപ്പറേഷന് വിധേയനാക്കിയെന്നും പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് സ്‌ഥിരീകരിച്ചു.

തുടർന്ന്, തുടർ ചികിൽസക്കായി പണം നൽകാത്തതിനെ തുടർന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്‌തിരുന്നുവെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് സമർ ബഹാദൂർ പറഞ്ഞു. മുറിവുകൾ തുന്നിക്കെട്ടാതെയാണ് കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തതെന്നും അദ്ദേഹം വ്യക്‌തമാക്കി.

സംഭവത്തെ കുറിച്ച് കുട്ടിയുടെ അച്ഛന്റെ പ്രതികരണമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വീഡിയോയിൽ കുട്ടി വേദന കൊണ്ട് പുളയുന്നതിന്റെ ദൃശ്യങ്ങളും കാണാൻ സാധിക്കും. ‘മുഴുവൻ പണവും എടുത്ത ശേഷം ഡോക്‌ടർ മകളെ ഡിസ്‌ചാർജ് ചെയ്യുകയായിരുന്നു. പിന്നീട് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു. അത്രയും പണം ഞങ്ങളുടെ കയ്യിൽ ഇല്ലായിരുന്നു. ബാക്കി ആവശ്യപ്പെട്ടതെല്ലാം നൽകിയിരുന്നു’- പിതാവ് പറയുന്നു.

മരിക്കുന്നതിന് മൂന്ന് ദിവസം മുൻപാണ് കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തതെന്ന്‌ യുണൈറ്റഡ് മെഡിസിറ്റി അധികൃതർ പറയുന്നു. ഡിസ്‌ചാർജ് ചെയ്‌തതിന് ശേഷം പ്രത്യേക സർക്കാർ കേന്ദ്രത്തിലേക്ക് കുട്ടിയെ റഫർ ചെയ്‌തുവെന്നും അവിടെ 15 ദിവസം വരെ കുട്ടി ചെലവഴിച്ചിട്ടുണ്ടെന്നും അധികൃതർ വിശദീകരിച്ചു. 1.2 ലക്ഷം രൂപയുടെ ബില്ലുണ്ടായിരുന്നെങ്കിലും 6000 രൂപ മാത്രമാണ് ഈടാക്കിയതെന്നും അധികൃതർ പറയുന്നു.

കുട്ടികളുടെ അവകാശ സംരക്ഷണത്തിനായുള്ള ദേശീയ കമ്മീഷൻ 24 മണിക്കൂറിനുള്ളിൽ റിപ്പോർട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്‌ച ഉണ്ടായിട്ടുണ്ടെന്ന് തെളിഞ്ഞാൽ ആശുപത്രി അധികൃതർക്കെതിരെ കർശന നടപടി എടുക്കുമെന്നും കമ്മീഷൻ പറഞ്ഞു. സംഭവത്തിൽ യുപി സർക്കാരും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: ഡെൽഹിക്കും സ്വന്തമായി സ്‌കൂൾ വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കും; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE