ന്യൂഡെൽഹി: കോൺഗ്രസ് വിടാനുള്ള തീരുമാനം പുനരാലോചിക്കണമെന്ന് പറഞ്ഞ ഹരീഷ് റാവത്തിനെ തള്ളി അമരീന്ദർ സിംഗ്. വിമർശകർ പോലും ഇതുവരെ തന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്‌തിട്ടില്ല എന്നും അമരീന്ദർ പറഞ്ഞു. സിദ്ദു പഞ്ചാബ് കോൺഗ്രസിന്റെ അന്തകനാകും. ഇപ്പോൾ തന്നെ പാർട്ടിക്ക് തിരിച്ചടികൾ നൽകുന്നുണ്ട്. തന്നെ അനുനയിപ്പിക്കാൻ ആരും മുതിരേണ്ടെന്നും അമരീന്ദർ സിംഗ് കൂട്ടിച്ചേർത്തു.
അമരീന്ദറിനെ പാര്‍ട്ടി കുറേകാലം പഞ്ചാബ് മുഖ്യമന്ത്രിയായി നിലനിര്‍ത്തിയെന്നും അതെങ്ങനെയാണ് അപമാനമാവുക എന്നുമായിരുന്നു ഹരീഷ് റാവത്ത് ചോദിച്ചത്. അമരീന്ദര്‍ സിംഗ് നിലവിൽ ബിജെപിയോട് കാണിക്കുന്ന അടുപ്പം അദ്ദേഹത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതാണെന്നും റാവത്ത് പറഞ്ഞിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി സ്‌ഥാനം രാജിവെച്ചതിന് പിന്നാലെ അമരീന്ദര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലുമായും കൂടിക്കാഴ്‌ച നടത്തിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് അമരീന്ദര്‍ കോൺഗ്രസിൽ നിന്ന് രാജിവെച്ചത് ബിജെപിയിലേക്ക് പോകാനാണെന്ന വാദം ഉയർന്നത്. എന്നാല്‍ താന്‍ ബിജെപിയില്‍ പോകില്ലെന്ന് വ്യക്‌തമാക്കി അമരീന്ദര്‍ രംഗത്തു വന്നിരുന്നു.
അതേസമയം അമരീന്ദര്‍ സിംഗ് പുതിയ പാർട്ടി രൂപീകരണത്തിനുള്ള ഒരുക്കങ്ങളിലാണ്. ഇരുപത് എംഎല്‍എമാരുടെ പിന്തുണയാണ് അമരീന്ദർ അവകാശപ്പെടുന്നത്. പതിനഞ്ച് ദിവസത്തിനുള്ളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നാണ് അമരീന്ദര്‍ സിംഗ് വ്യക്‌തമാക്കിയത്. അപമാനം സഹിച്ച് കോൺഗ്രസിൽ തുടരില്ല എന്നായിരുന്നു അമരീന്ദർ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞത്. കോൺഗ്രസ് തനിക്ക് ഇത്തരമൊരു പരിഗണയല്ല തരേണ്ടതെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.
Read also: അമരീന്ദര്‍ സിംഗിനെ പാർട്ടി അപമാനിച്ചിട്ടില്ല; ഹരീഷ് റാവത്ത്