തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കി ഉയർത്തില്ല. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. പെൻഷൻ പ്രായം 60 ആയി ഉയർത്തണമെന്ന ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശ അംഗീകരിക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു.
നാലാം ഭരണപരിഷ്‌ക്കാര കമ്മീഷന്റെ ശുപാർശകൾ പരിശോധിക്കാൻ നിയോഗിച്ച ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ ശുപാർശകൾ ഭേദഗതികളോടെ മന്ത്രിസഭാ യോഗം അംഗീകരിക്കുകയായിരുന്നു.
മന്ത്രിസഭയിലെ മറ്റ് തീരുമാനങ്ങൾ
കെഎസ്ആർ, കെഎസ് ആൻഡ് എസ്എസ്ആർഎസ്, കണ്ടക്‌ട് റൂൾസ് എന്നിവ സംയോജിപ്പിച്ച് കേരള സിവിൽ സർവീസ് കോഡ് രൂപീകരിക്കും. ഇതിനായി ഉദ്യോഗസ്‌ഥ ഭരണപരിഷ്‌ക്കാര വകുപ്പിനെ ചുമതലപ്പെടുത്തി. സബോഡിനേറ്റ് സർവീസിലും സ്‌റ്റേറ്റ് സർവീസിലും പ്രൊബേഷൻ ഒരുതവണ മാത്രമാകും.
എല്ലാ വകുപ്പുകളിലും രണ്ടുവർഷത്തിനകം വിശേഷാൽ ചട്ടങ്ങൾ രൂപീകരിക്കുന്നതിന് നിർദ്ദേശം നൽകും. പ്രത്യേക ലക്ഷ്യത്തോടുകൂടി സൃഷ്‌ടിക്കപ്പെടുന്ന തസ്‌തികകൾ ലക്ഷ്യം പൂർത്തിയായാൽ അവസാനിപ്പിക്കും. പ്രസ്‌തുത വകുപ്പിലെ ജീവനക്കാരെ ആവശ്യമായ മറ്റു വകുപ്പുകളിലേക്ക് പുനർവിന്യസിക്കും.
സ്‌ഥലം മാറ്റം സംബന്ധിച്ച തർക്കം പരിഹരിക്കുന്നതിനായി സർവീസ് സംഘടനാ പ്രതിനിധികളെ ഉൾപ്പെടുത്തി സംയുക്‌ത സമിതി രൂപീകരിക്കും. നിയമനാധികാരികൾ എല്ലാ വർഷവും ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട് ചെയ്യേണ്ടതാണ്. റിപ്പോർട് ചെയ്യുന്ന ഒഴിവുകൾ റദ്ദ് ചെയ്യാൻ പാടില്ല. തസ്‌തികകൾ ഒഴിവു വരുന്ന ദിവസം പ്രധാനമായി പരിഗണിക്കണം.
റാങ്ക് ലിസ്‌റ്റ് നിലവിലുള്ള തസ്‌തികകളിൽ എംപ്‌ളോയ്‌മെന്റ് നിയമനം പാടില്ല. ഓരോ തസ്‌തികകളിലെയും ഒഴിവുകൾ സ്‌പാർക്ക് മുഖേന ലഭ്യമാക്കേണ്ടതാണ്. പെൻഷൻ പറ്റുന്ന ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യങ്ങൾ ലഘൂകരിക്കും. സെക്രട്ടറിയേറ്റിലെ ലിങ്ക് ഓഫീസ് സംവിധാനം എല്ലാ ഓഫീസിലും ഏർപ്പെടുത്തും.
Most Read| പ്രതിപക്ഷ പ്രതിഷേധം; വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല