ഹൈദരാബാദ്: പശു സംരക്ഷണത്തിന് വേണ്ടി എന്തും ചെയ്യുമെന്നും പശു തന്റെ മാതാവാണെന്നും പ്രഖ്യാപിച്ച ഹൈദരാബാദിലെ ഗോഷാമഹല്‍ എംഎൽഎ രാജാ സിംഗ് പറയുന്നു; ഹൈദരാബാദിന്റെ മാത്രമല്ല; സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും പേര് ഞങ്ങൾ അധികാരത്തിൽ വന്നാൽ മറ്റും.
“ഇത് പുതിയ കാര്യമല്ല, ഈ ആവശ്യം കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഞങ്ങൾ മുന്നോട്ടു വെച്ചിരുന്നു. ഹൈദരാബാദിൽ ഭരണം കിട്ടിയാൽ യോഗിജി പ്രസ്‌താവിച്ചത് പോലെ ‘ഭാഗ്യനഗര്‍’ എന്ന് പുനർനാമകരണം ചെയ്യും. സെക്കന്ദരാബാദിന്റെയും കരിംനഗറിന്റെയും കാര്യത്തിലും മാറ്റമില്ല. അധികാരത്തിലെത്തിയാൽ ഞങ്ങളത് സാധ്യമാക്കും“; രാജാ സിംഗ് പറഞ്ഞു. മുഗളരുടെയും നിസാമിന്റെയും പേരിലുള്ള പ്രദേശങ്ങൾ തെലുങ്കാനക്കും രാജ്യത്തിനുമായി പോരാടിയ വ്യക്‌തികളുടെ പേരിലേക്ക് മാറ്റുമെന്നും രാജാസിംഗ് മുൻപ് പറഞ്ഞിരുന്നു.
“നേരത്തെ ഹൈദരാബാദ് ഭാഗ്യനഗർ ആയിരുന്നു. 1590ൽ മുഹമ്മദ് ഖിലി കുത്തബ് ഷാ ഹൈദരാബാദിലേക്ക് വന്നു, ഭാഗ്യനഗറിനെ ഹൈദരാബാദ് എന്നാക്കി മാറ്റി. അക്കാലത്ത് നിരവധി ഹിന്ദുക്കൾ ആക്രമിക്കപ്പെട്ടു, നിരവധി ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. ഹൈദരാബാദിന്റെ പേര് മാറ്റാൻ ഇപ്പോൾ ഞങ്ങൾ പദ്ധതിയിടുന്നു. സംസ്‌ഥാനത്ത് ബിജെപി ഭരണത്തിലെത്തിയാൽ ആദ്യ ലക്ഷ്യം സംസ്‌ഥാനത്തെ വികസിപ്പിക്കുക, രണ്ടാമത്തെ ലക്ഷ്യം ഹൈദരാബാദിനെ ഭാഗ്യനഗർ എന്ന് പുനർനാമകരണം ചെയ്യുക എന്നതാണ്. സെക്കന്തരാബാദിന്റെയും കരിംനഗറിന്റെയും പേരുകളും ഞങ്ങൾ മാറ്റും“; രാജാ സിംഗ് വിശദീകരിച്ചു.
ഗുജറാത്തിലെ സുപ്രസിദ്ധവും സംസ്‌ഥാനത്തെ ഏറ്റവും വലിയ നഗരവുമായ അഹമ്മദാബാദും ‘ഹിന്ദുത്വ ദേശീയതയുടെ’ പെരുമാറ്റ ഭീഷണി നേരിടുന്ന നഗരമാണ്. അഹമ്മദാബാദിനെ കർണാവതി എന്ന് പുനർനാമകരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ മുൻപ് പറഞ്ഞിരുന്നു. നിരവധി ഇന്ത്യൻ നഗരങ്ങളുടെയും റെയിൽവേ സ്‌റ്റേഷനുകളുടെയും പേരുകൾ സമീപകാലത്ത് മാറ്റിയിരുന്നു. ഫൈസാബാദിനെ അയോദ്ധ്യ എന്നും അലഹബാദിനെ പ്രയാഗ്രാജ് എന്നും മുഗൾസാരായി റെയിൽവേ സ്‌റ്റേഷന്റെ പേര് പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായ ജംഗ്ഷൻ എന്നും പുനർനാമകരണം ചെയ്‌തിരുന്നു.
വിദ്വേഷ പ്രസ്‌താവനകളിലൂടെ നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്ന ‘ഹിന്ദുത്വ ദേശീയതയുടെ‘ ആളാണ് രാജാ സിംഗ്. “തന്നെ സംബന്ധിച്ചിടത്തോളം ഹിന്ദു മതവും ഗോ സംരക്ഷണവുമാണ് മുഖ്യം, രാഷ്‌ട്രീയം അതിന് ശേഷം. ഗോ സംരക്ഷണത്തിനുവേണ്ടി ഒന്നുകില്‍ കൊല്ലും അല്ലെങ്കില്‍ മരിക്കും; ലക്ഷ്യം നിര്‍ത്തലാക്കല്‍ തന്നെ.“ എന്നിങ്ങനെയുള്ള വൈകാരിക പ്രഖ്യാപനങ്ങളിലൂടെ ‘ഹിന്ദുത്വ ദേശീയതയുടെ‘ അണികളെ ചൂടുപിടിപ്പിക്കുന്നതിൽ സമർഥനാണ് 42 കാരനായ രാജാ സിംഗ്. ബക്രീദ് ദിനത്തിൽ നടത്തുന്ന ബലികര്‍മത്തിനെതിരെയും ഇദ്ദേഹം രംഗത്ത് വന്നിരുന്നു.
Most Read: വാക്‌സിന്‍ വന്നാലും മാസ്‌ക് ഒഴിവാക്കാനാവില്ല; ഐസിഎംആര്‍ മേധാവി