തിരുവനന്തപുരം: പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്‌ഞ ഈ മാസം 29ന് നടത്താനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു രാജ്ഭവൻ. സർക്കാരിൽ നിന്ന് അനൗദ്യോഗിക അറിയിപ്പ് ലഭിച്ചതോടെയാണ് ഗവർണർ 29ന് സമയം നൽകിയത്. എന്നാൽ, 24ന് നടക്കുന്ന എൽഡിഎഫ് യോഗത്തിന് ശേഷമേ ഇക്കാര്യത്തിൽ ഓദ്യോഗിക തീരുമാനം എടുക്കൂ. അതിന് ശേഷം മുഖ്യമന്ത്രി ഗവർണർക്ക് രേഖാമൂലം അറിയിപ്പ് നൽകാനാണ് സാധ്യത.
നിശ്‌ചയിച്ചതിനേക്കാൾ ഒരു ദിവസം നേരത്തെ ഇന്നലെ ഡെൽഹിക്ക് പോയ ഗവർണർ 28ന് മടങ്ങിയെത്തും. സത്യപ്രതിജ്‌ഞ കഴിഞ്ഞു 30ന് വീണ്ടും തിരിച്ചു പോകും. കെബി ഗണേഷ് കുമാറും, കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതുതായി മന്ത്രിസഭയിലേക്ക് വരുന്നത്. നാല് ഘടകകക്ഷികൾക്ക് രണ്ടര വർഷം വീതം മന്ത്രിസ്‌ഥാനം നൽകാനായിരുന്നു ഇടതു മുന്നണിയുടെ തീരുമാനം. നവംബർ 20ന് സർക്കാരിന് രണ്ടര വർഷം പൂർത്തിയായിരുന്നു.
എന്നാൽ, നവകേരള സദസ് നടക്കുന്നതിനിടെയാണ് പുനഃസംഘടന നീണ്ടുപോയത്. അതിനിടെ, കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗത്തിൽ താൻ നാമനിർദ്ദേശം ചെയ്‌ത ചിലരെ പ്രവേശിപ്പിക്കാത്ത നടപടി ഗവർണർ നിരീക്ഷിക്കുന്നുണ്ട്. സെനറ്റ് യോഗത്തിന്റെ വിശദാംശങ്ങൾ ചാൻസലർക്ക് സമർപ്പിക്കുമ്പോൾ ഇക്കാര്യത്തിൽ തുടർനടപടി ഉണ്ടാകും. കേരള സർവകലാശാലയിൽ ഗവർണർക്കെതിരെ കെട്ടിയ ബാനർ അഴിക്കാൻ പോലും സാധിക്കാത്ത സാഹചര്യത്തിൽ കാലിക്കറ്റിൽ അദ്ദേഹം വിചാരിച്ചാൽ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്നും സംശയമുണ്ട്.
Most Read| അനധികൃത സ്വത്ത് സമ്പാദനം; മന്ത്രി കെ പൊൻമുടിക്കും ഭാര്യക്കും മൂന്ന് വർഷം തടവും പിഴയും