ഒമൈക്രോൺ: ഡോക്‌ടറുടെ പേരിൽ പ്രചരിക്കുന്ന സന്ദേശം വ്യാജം, ജാഗ്രത

By News Desk, Malabar News
whatsapp fake message

കോഴിക്കോട്: കോവിഡ് മഹാമാരിയുടെ ആരംഭം മുതൽ ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് വ്യാജവാർത്തകൾ. കോവിഡിനെ കുറിച്ചും വാക്‌സിനെ കുറിച്ചും അശാസ്‌ത്രീയവും വസ്‌തുതാ വിരുദ്ധവുമായ വാർത്തകളാണ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പടച്ചുവിടുന്നത്. ആളുകൾ വാക്‌സിൻ എടുക്കാൻ മടിക്കുന്നതിന്റെ പ്രധാന കാരണം ഇത്തരം വാർത്തകളാണെന്നും അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്. വ്യാജ പ്രചാരണങ്ങളുടെ അപകടം തിരിച്ചറിഞ്ഞ് ലോകാരോഗ്യ സംഘടന തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഒരു ഇടവേളക്ക് ശേഷം ആളുകളിൽ വീണ്ടും കോവിഡ് ഭീതി ഉയരുകയാണ്. കോവിഡിന്റെ ‘ഒമൈക്രോൺ’ വകഭേദം വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ പശ്‌ചാത്തലത്തിൽ ഇന്ത്യയിലും നിയന്ത്രണങ്ങൾ കർശനമാക്കി കൊണ്ടിരിക്കുകയാണ്. അതീവ വ്യാപന ശേഷിയുള്ളതും വാക്‌സിൻ പ്രതിരോധത്തെ മറികടക്കാൻ കഴിവുള്ളതുമായ ഒമൈക്രോണിനെതിരെ ജനങ്ങളും അതിജാഗ്രത പുലർത്തുകയാണ്. അതേസമയം, ഒമൈക്രോൺ മറ്റ് കോവിഡ് വകഭേദങ്ങളെക്കാൾ അപകടകാരിയാണോ എന്ന് ഇതുവരെ ഉറപ്പായിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന വിവരം.

ഇതിനിടെയാണ് വാട്സ്‌ആപ് വഴി ഒരു വ്യാജ സന്ദേശം പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നത്. കോഴിക്കോട് ആംസ്‌റ്റർ മിംസിലെ എമർജൻസി വിഭാഗം മേധാവി ഡോ.പിപി വേണുഗോപാലിന്റെ പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. മുൻകരുതൽ സന്ദേശം എന്ന തലക്കെട്ടോട് കൂടി തുടങ്ങുന്ന കുറിപ്പിൽ കോവിഡ് ഡെൽറ്റ വകഭേദത്തെ കുറിച്ചും അതിന്റെ വ്യാപനം, അപകടം, സൂക്ഷിക്കേണ്ട മുൻകരുതലുകൾ എന്നിവയെല്ലാം വിശദമാക്കുന്നുണ്ട്.

സന്ദേശത്തിന്റെ പ്രസക്‌ത ഭാഗങ്ങൾ

ആരെന്ത് പറഞ്ഞാലും കോവിഡ് മൂന്നാം തരംഗം ഒരു യാഥാർഥ്യമാണ്. പുതിയ വൈറസ് കോവിഡ് ഡെല്‍റ്റയോടൊപ്പം ചുമയോ പനിയോ പ്രകടമല്ല. പകരം ഉള്ളത് നല്ല സന്ധി വേദന, തലവേദന, കഴുത്ത്, നടുവേദന ഒക്കെയാണ്. കൂടുതല്‍ മാരകവും ഉയര്‍ന്ന മരണനിരക്കുമുള്ള ഘട്ടമാണ്. ചിലപ്പോള്‍ പറയത്തക്ക രോഗലക്ഷണങ്ങളില്ലാതെ കോവിഡ് അതിവേഗം കടന്നാക്രമിക്കുന്നു ഇവിടെയാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്.

ഈ വൈറസ് നേസോഫറിംജ്യല്‍ മേഖലയില്‍ ജീവിക്കുന്നില്ല ഇത് നേരിട്ട് ശ്വാസകോശത്തെയാണ് ബാധിക്കുന്നത്. അതായത് ‘ജാലകങ്ങള്‍’ (രോഗം പിടിപെടുന്നതിനും ന്യുമോണിയ ബാധിക്കുന്നതിനും ഇടയിലുള്ള സമയങ്ങള്‍) കുറവാണ്. അത്തരം നിരവധി രോഗികള്‍ക്ക് പനിയോ വേദനയോ ഇല്ല. എന്നാല്‍ അവരുടെ എക്‌സ്-റേകളില്‍ നേരിയ ന്യുമോണിയ കാണിക്കുന്നന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കോവിഡ് -19 നെ സംബന്ധിച്ചിടത്തോളം നേസല്‍ സ്വാബ് ടെസ്‌റ്റുകള്‍ പലപ്പോഴും നെഗറ്റീവ് ആണ്. കൂടാതെ നേസോഫറിംജ്യല്‍ ടെസ്‌റ്റുകളില്‍ നിന്ന് കൂടുതല്‍ തെറ്റായ നെഗറ്റീവ് ഫലങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. ഇതിനര്‍ത്ഥം വൈറസ് വേഗത്തില്‍ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചു വ്യാപിക്കുന്നു എന്നാണ്. ഇത് വൈറല്‍ ന്യുമോണിയ മൂലമുണ്ടാകുന്ന കടുത്ത ശ്വാസകോശ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു. ഇത് വളരെ തീവ്രവും മാരകവുമാകുന്നു.

വായിക്കുമ്പോൾ നിരുപദ്രവകരമെന്ന് തോന്നുമെങ്കിലും ഈ സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾക്ക് യാതൊരു അടിത്തറയുമില്ലെന്നാണ് ഡോ.പിപി വേണുഗോപാൽ പറയുന്നത്. ആളുകളെ പരിഭ്രാന്തരാക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് ഇതിന് പിന്നിലെന്നും ഡോക്‌ടർ വ്യക്‌തമാക്കി. പറയുന്ന കാര്യങ്ങൾക്ക് സ്വീകാര്യതയും പ്രചാരവും ലഭിക്കുന്നതിന് വേണ്ടിയാണ് ഒരു മുതിർന്ന ഡോക്‌ടറായ തന്റെ പേരിൽ സന്ദേശം പ്രചരിപ്പിക്കുന്നതെന്നും ഡോക്‌ടർ പറഞ്ഞു.

ഡോക്‌ടറുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഇത് ഡെൽഹിയിൽ നിന്ന് സൃഷ്‌ടിക്കപ്പെട്ട ഒരു സന്ദേശമാണെന്നും അതിന്റെ ഗൂഗിൾ ട്രാൻസിലേറ്റ് വഴി മൊഴിമാറ്റിയ പതിപ്പാണ് ഇപ്പോൾ പ്രചരിക്കുന്നതെന്നും കണ്ടെത്തി. ഫേസ്‌ബുക്ക്, ട്വിറ്റർ എന്നിവയിലൂടെ പ്രചരിക്കുന്ന സന്ദേശങ്ങൾ ബ്‌ളോക്ക് ചെയ്‌തിട്ടുണ്ട്‌. എന്നാൽ, വാട്സ്‌ആപ്പിൽ പ്രചരിക്കുന്നത് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നാണ് പോലീസ് പറയുന്നത്.

കോവിഡുമായി ബന്ധപ്പെട്ട് വരുന്ന ഒരു സന്ദേശവും ഉടനടി ഷെയർ ചെയ്യാൻ പാടില്ലെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. അത് ലോകാരോഗ്യ സംഘടനയുടെയും ഭരണകൂടങ്ങളുടെയും ഡോക്‌ടർമാരുടെയും പേരിലുള്ളതാണെങ്കിൽ പോലും പങ്കുവെക്കാൻ പാടില്ല. ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട അധികാരികളുമായും സംഘടനകളുടെ വെബ്‌സൈറ്റിലും മറ്റും അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.

Also Read: കാർഷിക നിയമങ്ങൾ പിൻവലിച്ചു; ബിൽ പാസാക്കി ഇരു സഭകളും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE