തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമൈക്രോൺ സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് കഴിഞ്ഞ ദിവസം നിർദ്ദേശം ലഭിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താൻ കേന്ദ്രം നിർദ്ദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തുന്നവർക്ക് ഹോം ക്വാറന്റെയ്ൻ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
പുതിയ വകഭേദം വാക്‌സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടനയുടെ പരിശോധന നടക്കുകയാണ്. കേരളത്തിൽ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഒമൈക്രോൺ കൂടുതൽ രാജ്യങ്ങളിൽ റിപ്പോർട് ചെയ്‌തതോടെ വിലയിരുത്തലുകളും മുൻകരുതലുകളും ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ ഉന്നത ഉദ്യോഗസ്‌ഥർ പങ്കെടുക്കും.
വകഭേദം ആശങ്ക ഉണർത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി. നിലവിലുള്ള വാക്‌സിനുകൾ പുതിയ വകഭേദത്തിനു ഫലപ്രദമാണോ എന്നത് അറിയാൻ ആഴ്‌ചകളെടുക്കുമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
യഥാർഥ കൊറോണ വൈറസിൽ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമൈക്രോൺ രോഗമുക്‌തരായവരിലേക്ക് വീണ്ടും പകരാൻ സാധ്യത കൂടുതലാണ്. ആഫ്രിക്കൻ രാജ്യങ്ങൾക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഇന്നലെ ഒമൈക്രോണിന്റെ സാന്നിധ്യം സ്‌ഥിരീകരിച്ചു. ബെൽജിയത്തിലാണ് യൂറോപ്പിലെ ആദ്യ കേസ് റിപ്പോർട്ട് ചെയ്‌തത്.
ഈജിപ്റ്റിൽ നിന്ന് വന്ന യാത്രക്കാരിയിലാണ് രോഗബാധ സ്‌ഥിരീകരിച്ചത്. പിന്നാലെ അമേരിക്ക, യുകെ, ജപ്പാൻ, സിംഗപ്പൂർ, യുഎഇ, ബ്രസീൽ തുടങ്ങിയ രാഷ്‌ട്രങ്ങൾ ഏഴ് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് നിയന്ത്രണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഥിതി വിലയിരുത്താൻ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചു.
Most Read: ‘ബാങ്ക്’ എന്ന് ഉപയോഗിക്കരുത്; സഹകരണ സംഘങ്ങൾക്ക് മേൽ നിയന്ത്രണം ഏർപ്പെടുത്തി ആർബിഐ