അബുദാബി: യുഎഇയിലെ സ്‌കൂളുകളിലും, സർവകലാശാലകളിലും ഒരാഴ്‌ച കൂടി ഓൺലൈൻ പഠനം തുടരാൻ നിർദ്ദേശം നൽകി അധികൃതർ. ഇത് പ്രകാരം ജനുവരി 21ആം തീയതി വരെ യുഎഇയിൽ ഓൺലൈൻ ക്‌ളാസുകൾ തുടരും. വിദ്യാർഥികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്‌റ്റേഴ്‌സ് കമ്മിറ്റിയാണ് ഓൺലൈൻ ക്‌ളാസുകൾ തുടരാൻ നിർദ്ദേശം നൽകിയത്. കൂടാതെ രാജ്യത്തെ എല്ലാ സർക്കാർ-സ്വകാര്യ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ഇത് ബാധകമാണെന്നും അധികൃതർ വ്യക്‌തമാക്കി. അതേസമയം പ്രിൻസിപ്പൽമാരുടെ യോഗത്തിലും രക്ഷകർത്താക്കളുടെ അഭിപ്രായത്തിലും ഈ മാസം അവസാനം വരെ ഓൺലൈൻ പഠനം തുടരണമെന്നാണ് വ്യക്‌തമാകുന്നത്.
ജനുവരി മൂന്നിന് പുതിയ സ്‍കൂള്‍ ടേം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ആദ്യം രണ്ടാഴ്‍ചയിലേക്ക് ഓണ്‍ലൈന്‍ പഠനം മതിയെന്ന് അധികൃതർ തീരുമാനിച്ചത്. ഇതേ തുടർന്ന് ജനുവരി 17ആം തീയതി വരെയാണ് ഓൺലൈൻ ക്‌ളാസുകൾ ഉണ്ടാകേണ്ടിയിരുന്നത്. എന്നാൽ നിലവിൽ അധികൃതരുടെ നിർദ്ദേശപ്രകാരം ജനുവരി 21 വരെ ഓൺലൈൻ ക്‌ളാസുകൾ തുടരും.
Read also: സംസ്‌ഥാനത്തെ റേഷൻ വിതരണ രംഗത്ത് സ്‌തംഭനമില്ല; മന്ത്രി