നീലഗിരി: കടുത്ത സാമ്പത്തിക പരാധീനതകൾ മൂലം വിവാഹമെന്ന സ്വപ്‍നം മാറ്റിവച്ച 800 പേരുടെ ജീവിതവഴിയിൽ വെളിച്ചമാകുകയാണ് പാടന്തറ മർകസ്. ഗുരതര സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന തമിഴ്‌നാട്, നീലഗിരി ജില്ലയിലെ പാടന്തറ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങളിൽ നിന്നാണ് അർഹരായ എണ്ണൂറ് പേരെ ഇപ്രാവശ്യം മംഗല്യ സൗഭാഗ്യത്തിലേക്ക് പാടന്തറ മർകസ് കൈപിടിക്കുന്നത്.
പ്രദേശത്തെ ദരിദ്രജീവിതങ്ങൾക്ക് ആശയും തണലുമാകുന്ന പാടന്തറ മർകസ് അതിന്റെ തുടക്കകാലം തൊട്ടുതന്നെ സമൂഹ വിവാഹമുൾപ്പെടെയുള്ള നിരവധി കാരുണ്യ പ്രവർത്തനങ്ങൾ കൊണ്ട് മേഖലയിൽ ശ്രദ്ധേയമാണ്.
പുതിയകാലത്തിന്, ഉൾചേരലിന്റെയും സാമൂഹിക മുന്നേറ്റത്തിന്റെയും പരോപകാര കാഴ്‌ചപ്പാടിന്റെയും മനോഹര സന്ദേശം നൽകുന്ന ദൗത്യം സുമനസുകളുടെ സഹായത്തിലും സഹകരണത്തിലുമാണ് ഓരോവർഷവും നടത്തുന്നത്.
കൃഷിയിലും തോട്ടം തൊഴിലിലും കുറഞ്ഞ വേതനമുള്ള മറ്റുജോലികളിലും ഏർപ്പെട്ട് അന്നന്നത്തെ ജീവിതം കഷ്‌ടിച്ച് മുന്നോട്ടു നീക്കുന്ന കുടുംബങ്ങളാണ് ഇവിടങ്ങളിൽ മിക്കവരും. ഈ പ്രദേശത്തെ അറുപതോളം മഹല്ലുകളിലും ചേരികളിലും വിവാഹപ്രായം കഴിഞ്ഞ അനേകം യുവതീ യുവാക്കളാണ് ഉള്ളത്. ഇവരുടെ ഒറ്റപ്പെട്ട ജീവിതത്തിന് തണലാകാൻ ‘പാടന്തറ മർകസ്’ നടത്തുന്ന പദ്ധതികളിൽ ഒന്നാണ് സമൂഹ വിവാഹം.

ദേവർശോല അബ്‌ദുസലാം മുസ്‌ലിയാർ സംഘാടന ചുമതല നിർവഹിക്കുന്ന ഈ ദൗത്യത്തിന് സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ, കേരള മുസ്‌ലിം ജമാഅത്ത്, എസ്‌വൈഎസ്‍ തുടങ്ങിയ സുന്നി സംഘടനകളുടെ നേതൃത്വവുമുണ്ട്. 2014 മാർച്ചിൽ ആരംഭിച്ച സമൂഹ വിവാഹത്തിൽ ആദ്യവർഷം തന്നെ, 114 വധൂവരൻമാർക്കാണ് വിവാഹ സ്വപ്‍നം യാഥാർഥ്യമാക്കി നൽകാൻ സാധിച്ചത്.

പിന്നീട്, 2015 ഏപ്രിൽ 27ന് 260 പേർക്ക് വിവാഹ സന്തോഷം സഫലമായി. 2017ൽ 346 വധൂവരൻമാർക്കും 2019ൽ 400 വധൂവരൻമാർക്കും ജീവിതവഴിയിൽ വെളിച്ചമായ പാടന്തറ മർകസ് ഇതിനോടകം 1120 പേരെയാണ് പങ്കാളികളായി ഒന്നിച്ചുചേർത്തത്. ഓരോതവണയും ഈ വിവാഹ സംഗമത്തിലേക്കുള്ള അപേക്ഷകരുടെ എണ്ണം വർധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
മഹാചടങ്ങിനോട് അനുബന്ധമായി മുസ്‌ലിം ഇതര മതസ്‌ഥരായ 50ഓളം പേരും ദമ്പതികളാകും. ഇവർ ആചാരപ്രകാരം പാടന്തറയിലെ അമ്പലങ്ങളിലും അനുബന്ധ ദേവാലയങ്ങളിലും വിവാഹ കർമങ്ങൾ നിർവഹിച്ച ശേഷം മഹാചടങ്ങിലേക്ക് എത്തിച്ചേരും. മുസ്‌ലിം മതവിശ്വാസികൾക്ക് നൽകുന്ന സമ്മാനങ്ങളും സൽക്കാരവും പൊതു ബോധവൽക്കരണവും ഇവർക്കും ലഭ്യമാകും.

പുതിയ ജീവിതാരംഭത്തിന് താങ്ങാകാനുള്ള സമ്മാനമായി മുൻ വർഷങ്ങളിൽ അഞ്ചു പവൻ സ്വർണാഭരണവും 25,000 രൂപയുമാണ് ദമ്പതികൾക്ക് നൽകിയിരുന്നത്. ഒപ്പം, വിവാഹത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് വിശാലമായ പന്തൽ സൗകര്യവും സുഭിക്ഷമായ ഭക്ഷണവും ഉൾപ്പടെയുള്ള സൗകര്യങ്ങളും സംഘാടകർ ഒരുക്കാറുണ്ട്.
വിവിധ തുറകളിൽ നിന്നുള്ള സാമ്പത്തിക സഹായം ലഭിക്കുന്നതനുസരിച്ച് വധൂവരൻമാർക്ക് ഈ വർഷവും മോശമല്ലാത്ത സമ്മാനങ്ങൾ നൽകണമെന്നാണ് സംഘാടകർ ആഗ്രഹിക്കുന്നത്. ഈ സാമൂഹിക ദൗത്യത്തിൽ (Padanthara Markaz Community Marriage) പങ്കാളികളാകാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്‌തിക്കും സംഘടനക്കും കേരള മുസ്‌ലിം ജമാഅത്ത് സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്.
Most Read: നിയമപരമായി ഏത് സംസ്‌ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം’: സുപ്രീം കോടതി