വയനാട്: പോലീസിനെ വെല്ലുവിളിച്ച ഗുണ്ടാ തലവൻ പല്ലൻ ഷൈജു പിടിയിൽ. വയനാട്ടിലെ റിസോർട്ടിൽ നിന്നാണ് മലപ്പുറം കോട്ടക്കൽ പോലീസ് ഇയാളെ പിടികൂടിയത്. ഒട്ടേറെ കൊലപാതക, പിടിച്ചുപറി കേസുകളിലെ പ്രതിയാണ്. കാപ്പ ചുമത്തി തൃശൂർ ജില്ലയിൽ നിന്ന് പുറത്താക്കിയിരുന്ന പല്ലൻ ഷൈജു സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പോലീസിനെ വെല്ലുവിളിച്ച ശേഷം മുങ്ങുകയായിരുന്നു. ജനുവരിയിലാണ് ഇയാൾ പോലീസിനെ വെല്ലുവിളിച്ചുള്ള വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കടൽയാത്രക്കിടെ ‘ഞാനിപ്പോ കടലിലാ, നാട്ടിലല്ലേ നിൽക്കാൻ പറ്റാത്തതുള്ളൂ’ എന്ന് തുടങ്ങി രണ്ട് മിനിറ്റോളം ദൈർഘ്യം വരുന്ന വീഡിയോയിലൂടെയാണ് ഷൈജു പോലീസിനെ വെല്ലുവിളിച്ചത്. ഈ വീഡിയോ പോസ്‌റ്റ് ചെയ്‌തതിന് പിന്നാലെ ഇയാൾക്കായി പോലീസ് വലവിരിച്ചിരുന്നു. കൊടകര, പുതുക്കാട്, തൃശൂർ ഈസ്‌റ്റ്, എറണാകുളം, സുൽത്താൻബത്തേരി, തിരുനെല്ലി എന്നീ പോലീസ് സ്‌റ്റേഷനുകളിലും കേരളത്തിന് പുറത്ത് ഗുണ്ടൽപേട്ട് സ്‌റ്റേഷനിലും ഇയാൾക്കെതിരെ കേസുകളുണ്ട്.
തൃശൂർ കേന്ദ്രീകരിച്ച് പഴയ ക്വട്ടേഷൻ ഗുണ്ടാസംഘത്തിന്റെ നേതാവായിരുന്ന ഷൈജു പിന്നീടാണ് കുഴൽപ്പണത്തിലേക്ക് തിരിയുന്നത്. കുഴൽപ്പണം കൊണ്ടുപോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി കൊള്ളയടിച്ച ശേഷം പണവുമായി കടന്നുകളയുന്നതാണ് ഇയാളുടെ രീതി. തൃശൂർ റൂറൽ പോലീസാണ് ഷൈജുവിനെ ഗുണ്ടാനിയമമായ കാപ്പ ചുമത്തി നാട് കടത്തിയത്. ഒരു വർഷത്തേക്കായിരുന്നു വിലക്ക്. ഇതിനിടെയാണ് പോലീസിനെ വെല്ലുവിളിച്ചുള്ള വീഡിയോ പങ്കുവെച്ചത്.
Most Read: വിദ്യാർഥികൾക്ക് ആശങ്ക വേണ്ട; സർക്കാർ സജ്‌ജമെന്ന് വിദ്യാഭ്യാസ മന്ത്രി