പാരിസ്: പാരാലിംപിക്‌സിലെ തിളക്കമുള്ള താരമായി ഇന്ത്യയുടെ ശീതൾ ദേവി. ശനിയാഴ്‌ച നടന്ന അമ്പെയ്‌ത്തിലെ വനിതകളുടെ വ്യക്‌തിഗത കോപൗണ്ട് വിഭാഗത്തിൽ മൽസരിച്ച ശീതൾ ദേവി കാണികളെ അമ്പരപ്പിച്ചത് വാനോളമാണ്. മെഡൽ നേടാൻ സാധിച്ചിരുന്നില്ലെങ്കിലും, കാലുകൊണ്ട് അമ്പെയ്യുന്ന 17-കാരിയുടെ ബുൾസ് ഐ ഷോട്ട് കായികലോകത്ത് വൻ ചർച്ചയായി.
ഇതിന്റെ വീഡിയോ കണ്ടവർക്ക് പോലും അമ്പരപ്പ് ഇനിയും മാറിയിട്ടില്ല. ബാഴ്‌സലോനയുടെ യുവതാരം ജൂൾസ് കോണ്ടെ ഇന്ത്യൻ പാരാ ആർച്ചറുടെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ എക്‌സ് പ്ളാറ്റുഫോമിൽ പങ്കുവെച്ചിട്ടുണ്ട്. 703 പോയിന്റ് നേടി ലോക റെക്കോർഡിട്ടാണ് ശീതൾ ദേവി വനിതാ കോംപൗണ്ട് ആർച്ചറി ഇനത്തിൽ യോഗ്യത നേടിയത്.
ചിലെയുടെ സുനിക മരിയാനയോട് 137-138ന് തോറ്റതോടെ ശീതൾ ദേവിക്ക് നോക്ക്ഔട്ടിൽ കടക്കാൻ സാധിച്ചിരുന്നില്ല. പക്ഷേ, കാലുകൊണ്ട് അമ്പെയ്യുന്ന ഇന്ത്യൻ താരത്തിന്റെ പ്രകടനം രാജ്യാന്തര തലത്തിൽ തന്നെ ചർച്ചയായി. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ്ങും ശീതൾ ദേവിയുടെ പ്രകടനം സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം ചൈനയിലെ ഹാങ്‌ചോവിൽ നടന്ന ഏഷ്യൻ പാരാഗെയിംസിൽ ഇന്ത്യക്കായി രണ്ടു സ്വർണവും ഒരു വെള്ളിയും നേടിയ താരമാണ് ശീതൾ ദേവി. ജമ്മു കശ്‌മീരിലെ കിഷ്‌തവാർ ജില്ലയിലെ ലോയിയാറിൽ മാൻസിങ്- ശക്‌തീദേവി ദമ്പതികളുടെ മകളായി ജനിച്ച ശീതളിന് ജൻമനാ കൈകൾ ഉണ്ടായിരുന്നില്ല. അമ്പെയ്‌ത്തിൽ എത്തിയിട്ട് രണ്ടുവർഷം ആയിട്ടേയുള്ളൂ. കസേരയിൽ ഇരുന്നാണ് അമ്പെയ്‌ത്ത്. വലംകാലുകൊണ്ട് വില്ലുകുലയ്‌ക്കും. അമ്പ് വലത്തേ ചുമലിലേക്ക് കൊണ്ടുവന്ന് താടിയെല്ലിന്റെ ശക്‌തിയിൽ വലിച്ചുവിടും. ഇത്തരത്തിൽ അമ്പെയ്യുന്ന അപൂർവം താരങ്ങളിൽ ഒരാളാണ് ശീതൾ.
Most Read| വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി