പാരിസ്: പാരാലിംപിക്‌സിന്റെ രണ്ടാം ദിനത്തിൽ ഇന്ത്യക്ക് ഇരട്ട മെഡൽ. പുരുഷ വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടവും. പുരുഷ വിഭാഗം പത്ത് മീറ്റർ എയർ പിസ്‌റ്റളിലിൽ മനീഷ് നർവാൾ ഇന്ത്യക്കായി വെള്ളി നേടി. ഇതോടെ പാരിസിൽ ഇന്ത്യയുടെ മെഡൽനേട്ടം നാലായി ഉയർന്നു.
വനിതാ വിഭാഗം ഷൂട്ടിങ്ങിൽ അവനി ലെഘാരെ സ്വർണവും മോന അഗർവാൾ വെങ്കലവും നേടിയപ്പോൾ വനിതകളുടെ 100 മീറ്ററിൽ പ്രീതി പാലും വെങ്കലം നേടിയിരുന്നു. പത്ത് മീറ്റർ എയർ റൈഫിൾ സ്‌റ്റാൻഡിങ് എസ്‌എച്ച് വണ്ണിലാണ് അവനിയും മോനയും മെഡൽ നേടിയത്. ഷൂട്ടിങ്ങിൽ സ്വർണം നേടിയ അവനി, ടോക്കിയോ പാരാലിംപിക്‌സിലും ഇതേയിനത്തിൽ സ്വർണം നേടിയിരുന്നു.
ടോക്കിയോയിൽ സ്‌ഥാപിച്ച പാരാലിലിംപിക്‌സ് റെക്കോർഡ് മെച്ചപ്പെടുത്തിയാണ് അവനി സ്വർണം നേടിയത്. ഇത്തവണ യോഗ്യതാ റൗണ്ടിൽ അവനി രണ്ടാമതും മോന അഞ്ചാമതുമാണ് ഫിനിഷ് ചെയ്‌തത്. വനിതകളുടെ 100 മീറ്ററിൽ കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ചാണ് പ്രീതി പാൽ വെങ്കലം നേടിയത്. 14.31 സെക്കൻഡിലാണ് പ്രീതി മൽസരം പൂർത്തിയാക്കിയത്. ട്രാക്ക് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പാരാ അത്‌ലീറ്റാണ് പ്രീതി.
ഒളിമ്പിക്‌സിലോ പാരാലിംപിക്‌സിലോ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടം ടോക്കിയോ ഒളിമ്പിക്‌സിൽ തന്നെ കൈവരിച്ച രാജസ്‌ഥാനിലെ ജയ്‌പൂരിൽ നിന്നുള്ള 23-കാരിയായ അവനി, ഇത്തവണ സ്വർണം നിലനിർത്തി വീണ്ടും ചരിത്രമെഴുതി. ടോക്കിയോയിൽ പാരാ വിഭാഗത്തിലെ ലോക റെക്കോർഡിന് (249.6) ഒപ്പമെത്തുന്ന പ്രകടനം നടത്തിയ അവനി പാരാലിംപിക്‌സ് റെക്കോർഡും സ്വന്തം പേരിലാക്കിയിരുന്നു. ഇത്തവണ അത് മെച്ചപ്പെടുത്തി പുതിയ റെക്കോർഡും (249.7) അവനി സ്‌ഥാപിച്ചു.
Most Read| 116ആം വയസിൽ ലോക മുത്തശ്ശി റെക്കോർഡ്; കൊടുമുടി കീഴടക്കിയത് രണ്ടുതവണ