കൊച്ചി: പീപ്പിൾസ് ഡയറി ഡെവലപ്പ്മെന്റ് പ്രൊജക്‌ട് (പിഡിഡിപി) സെൻട്രൽ സൊസൈറ്റി ക്ഷീര കർഷകരുടെ ക്ഷേമത്തിനായി നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. അങ്കമാലി സിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന പിഡിഡിപിയുടെ ക്ഷേമപ്രവർത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതു സമ്മേളനവും ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കന്നുകുട്ടി പരിപാലന പദ്ധതിക്ക് ഒരുകോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി സൊസൈറ്റിക്ക് കീഴിലുള്ള കർഷകർക്ക് ഏറെ പ്രയോജനകരമാകും. ഇതിലൂടെ കേരളം പാൽ ഉൽപ്പാദനത്തിൽ സ്വയം പര്യാപ്‌ത നേടേണ്ടതുണ്ടെന്നും സർക്കാർ അതിനായുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നതെന്നും ചിഞ്ചുറാണി പറഞ്ഞു.
30,000ലധികം ക്ഷീര കർഷകർക്ക് പിന്തുണയായി പ്രവർത്തിക്കുന്ന സൊസൈറ്റി തങ്ങളുടെ ലാഭവിഹിതം വിവിധ ക്ഷേമ പദ്ധതികളിലൂടെ കർഷകരിലേക്ക് എത്തിക്കുകയാണ്. 200ലധികം പാൽ സൊസൈറ്റികൾ, 2000ലധികം മിൽക്ക് ബൂത്തുകൾ, ഒരുലക്ഷം ലിറ്റർ സ്‌ഥാപിത ശേഷിയുള്ള അത്യാധുനിക ഡയറി പ്ളാന്റുമുള്ള പിഡിഡിപിക്ക് ക്ഷീര സംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകാനാകുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, സർക്കാർ, ത്രിതല പഞ്ചായത്ത് തലത്തിൽ ക്ഷീര കർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പിഡിഡിപിയിലെ കർഷകർക്കും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ചാലക്കുടി എംപി ബെന്നി ബെഹ്‌നാൻ ആവശ്യപ്പെട്ടു. ചടങ്ങിൽ പിഡിഡിപി കർഷകർക്ക് നൽകുന്ന ബോണസിന്റെ വിതരണ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എംപി. ഈ വർഷത്തെ ബോണസ് വിതരണത്തിനായി ഒരുകോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
ക്ഷീര കർഷകർക്കുള്ള ഓണക്കിറ്റ് വിതരണം കാലടി പഞ്ചായത്ത് പ്രസിഡണ്ട് ഷൈജൻ തോട്ടപ്പിള്ളിയും തീറ്റപ്പുൽ കൃഷി പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മനോജ് മുത്തേടനും പ്രത്യേക ധനസഹായ പദ്ധതി അങ്കമാലി മുനിസിപ്പാലിറ്റി ചെയർമാൻ മാത്യു തോമസും ഉൽഘാടനം ചെയ്‌തു. യോഗത്തിൽ സൊസൈറ്റിക്ക് കീഴിലുള്ള കർഷകരുടെ ഭീമസങ്കട ഹരജി പിഡിഡിപി സിഎസ് ട്രഷറർ ഒപി മത്തായി മന്ത്രിക്ക് കൈമാറി. ചടങ്ങിൽ നിരവധി പേർ സംസാരിച്ചു.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്