പാരീസ്: പെഗാസസ് ഫോൺ ചോർത്തലിൽ ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചു. ഫ്രഞ്ച് മാദ്ധ്യമ പ്രവർത്തകരുടെ ഫോൺ ചോർത്തുന്നതിന് മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട് പുറത്തുവന്നതിന് പിന്നാലെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. പ്രോസിക്യൂട്ടർമാരെ ഉദ്ധരിച്ച് അന്താരാഷ്‍ട്ര ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
ഫ്രാൻസിലെ ദിനപ്പത്രമായ ‘ലെ മോണ്ടെ’ അടക്കം 17 മാദ്ധ്യമ സ്‌ഥാപനങ്ങൾ ചേർന്നാണ് ഇത്തരത്തിൽ ഒരു അന്വേഷണം നടത്തുകയും ഫോൺ ചോർത്തലിന്റെ വിവരങ്ങൾ പുറത്തുവിടുകയും ചെയ്‌തത്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഫ്രാൻസ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം മൊറോക്കോ ഇന്റലിജൻസ് പെഗാസസ് ഉപയോഗിച്ചു എന്ന റിപ്പോർട് മൊറോക്കോ നിഷേധിച്ചു.
അന്വേഷണ വെബ്സൈറ്റായ മീഡിയാപാർട് തിങ്കളാഴ്‌ച പരാതി രജിസ്‌റ്റർ ചെയ്‌തിരുന്നു. ഫോൺ ചോർത്തപ്പെട്ട മാദ്ധ്യമ പ്രവർത്തകരിൽ മീഡിയാപാർട്ടിന്റെ സ്‌ഥാപകനായ എഡ്വി പ്ളെനലിന്റെ നമ്പറും ഉൾപ്പെട്ടതായി മീഡിയാപാർട് വെളിപ്പെടുത്തിയിട്ടുണ്ട്.
മനുഷ്യാവകാശ സംഘടനയായ ആംനെസ്‍റ്റി ഇന്റർനാഷണലിന്റെ ലാബിൽ പരിശോധിച്ച വിവിധ രാജ്യങ്ങളിൽ നിന്നുള്ള 37 ഫോണുകളിൽ 10 എണ്ണം ഇന്ത്യയിലെ ഫോണുകളായിരുന്നു. ഇതിലൂടെയാണ് ചോർത്തൽ സ്‌ഥിരീകരിക്കുന്നത്. ആർക്കുവേണ്ടിയാണ് ചോർത്തൽ എന്ന് വ്യക്‌തമാക്കിയിട്ടില്ല.
അതേസമയം ഇന്ത്യയിൽ ഇപ്പോഴും ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. എന്നാൽ അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ഇനിയും തയ്യാറായിട്ടില്ല. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്.
Most Read: സംസ്‌ഥാനത്ത് അതിശക്‌തമായ മഴയ്‌ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്